Latest NewsNewsIndia

വെളിച്ചവും തണുപ്പും ഇനി ട്രെയിനുകളില്‍ സൗരോര്‍ജ്ജത്തിലൂടെ

 

തിരുവനന്തപുരം : വൈദ്യുതിയില്ലാതെ ട്രെയിനുകളില്‍ ഇനി മുതല്‍ കാറ്റും വെളിച്ചവും ലഭിയ്ക്കും. സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് ഫാനും ലൈറ്റും പ്രവര്‍ത്തിപ്പിക്കുന്ന ബദല്‍ ഊര്‍ജ സംവിധാനവുമായി റെയില്‍വേ. ആദ്യഘട്ടത്തില്‍ 250 ട്രെയിനുകളിലാണ് പാനലുകള്‍ സ്ഥാപിയ്ക്കുന്നത്. നിലവില്‍ ബോഗികളുടെ ചക്രത്തോട് ചേര്‍ന്ന് ഘടിപ്പിച്ചിട്ടുള്ള ജനറേറ്ററുകള്‍ വഴിയാണ് ഊര്‍ജ്ജം ലഭ്യമാകുന്നത്. ട്രെയിന്‍ സഞ്ചരിക്കുമ്പോള്‍ ജനറേറ്ററുകളില്‍ നിന്ന് നേരിട്ടും നിര്‍ത്തിയിട്ടിരിക്കുന്ന അവസരങ്ങളില്‍ ജനറേറ്ററുകള്‍ക്ക് അനുബന്ധമായി ഘടിപ്പിച്ച ബാറ്ററികളില്‍ നിന്നുമാണ് വൈദ്യുതി കിട്ടുന്നത്.

 

സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ഏതെല്ലാം മേഖലകളില്‍ ഓടുന്ന ട്രെയിനുകളിലാണ് എന്നത് സംബന്ധിച്ച്തീരുമാനമെടുത്തിട്ടില്ലെങ്കിലും ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായാണ് വിവരം. ബോഗികള്‍ക്ക് മുകളിലാണ് പാനലുകള്‍ ഘടിപ്പിക്കുക. അനുബന്ധ ഉപകരണങ്ങള്‍ ബോഗിക്കുള്ളിലും. 4.5 കിലോവാട്ട് ശേഷിയുള്ള യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. ഒപ്പം 110-120 വോള്‍ട്ട് ശേഷിയുള്ള ലിതിയം ബാറ്ററി ബാങ്കും കോച്ചുകളില്‍ ക്രമീകരിക്കണം. ട്രെയിന്‍ നിര്‍ത്തിയിടുന്ന സമയങ്ങളില്‍ സുലഭമായി വൈദ്യുതി ലഭ്യതക്കുള്ള ക്രമീകരണവുമൊരുക്കും.

 

30 കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിക്കായി റെയില്‍വേ നീക്കിവെക്കുന്നത്. 18 മാസത്തിനുള്ളില്‍ സൗരോര്‍ജ പാനലുകളുമായി ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് വിവരം. സൗരോര്‍ജ പാനലുകള്‍ ഉപയോഗിക്കുന്നതോടെ പ്രതിവര്‍ഷം പുറന്തള്ളുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവില്‍ 261 ടണ്ണോളം കുറവുവരുത്താനാകുമെന്നും കരുതുന്നു.

ബദല്‍ ഊര്‍ജം കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള സംരംഭങ്ങള്‍ക്കും റെയില്‍വേ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. വൈദ്യുതിക്കൊപ്പം പ്രകൃതിവാതകവും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന എന്‍ജിനുകളാണ് ഇതിലൊന്ന്. ഡെമു സര്‍വിസുകളിലാണ് ഇത്തരം എന്‍ജിനുകള്‍ ആലോചിക്കുന്നത്. പ്രതിവര്‍ഷം 25,000 കോടിയോളം രൂപയാണ് റെയില്‍വേ വൈദ്യുതിക്കായി ചെലവഴിക്കുന്നത്.

 

 

 

 

.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button