ന്യൂഡല്‍ഹി•കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ തെരുവ് ഗുണ്ടയെന്ന്‍ വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് മാപ്പുപറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്.
പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളെ കുറിച്ച് ചോദിച്ചപ്പോഴാആയിരുന്നു ദിക്ഷിത് വിവാദ പരാമര്‍ശം നടത്തിയത്.
“പാകിസ്ഥാന്‍ അതുപോലെയുള്ള പ്രസ്താവന നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ, നമ്മുടെ സൈനിക മേധാവി തെരുവ് ഗുണ്ടയെപ്പോലെ സംസാരിക്കുന്നത് മോശമാണ്”- എന്നായിരുന്നു ദീക്ഷിത് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ദീക്ഷിതിന്റെ പ്രസ്താവനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും തയ്യാറായിരുന്നില്ല. പ്രസ്താവനയെ അപലപിച്ച കോണ്‍ഗ്രസ് വക്താവ് മീം അഫ്സല്‍, ഇത് ഞെട്ടിക്കുന്നതും സൈന്യത്തെ അപമാനിക്കുന്നതുമാണെന്ന് പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി സൈന്യത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവനയ്ക്കെതിരെ കേന്ദ്രമന്ത്രി കിരണ്‍ ഋജിജുവും രംഗതെത്തിയിരുന്നു. കോണ്‍ഗ്രസിന് എന്താണ് പറ്റിയത്? ഇന്ത്യന്‍ സൈനിക മേധാവിയെ തെരുവ് ഗുണ്ടയെന്ന് വിളിക്കാന്‍ കോണ്‍ഗ്രസിന് എങ്ങനെ ധൈര്യമുണ്ടായി എന്നും അദ്ദേഹം ചോദിച്ചു.
പ്രസ്താവന വന്‍ വിവാദമായതോടെ പിന്നീട് ദീക്ഷിത് മാപ്പ് പറയാന്‍ തയ്യാറാകുകയായിരുന്നു. പ്രസ്താവന തന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടേത് അല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
താന്‍ പറഞ്ഞത് തെറ്റായിപോയെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയുന്നതായും കോണ്‍ഗ്രസ് നേതാവ് എ.എന്‍.ഐയോട് പറഞ്ഞു.
Post Your Comments