
ചെന്നൈ•നിങ്ങള്‍ ഗര്‍ഭിണിയാണോ? എങ്കില്‍ ആ സന്തോഷ വാര്‍ത്ത ഇനി സംസ്ഥാന സര്‍ക്കാരിനെയും അറിയിക്കണം. ഗര്‍ഭിണിയായ സ്ത്രീകള്‍ ആ വിവരം ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് തമിഴ്നാട് സര്‍ക്കാര്‍. ഗര്‍ഭകാലവും പ്രസവവും സുരക്ഷിതമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ നടപടി. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് കുട്ടിയുടെ ജനനവും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. അതിനാല്‍തന്നെ, കുട്ടിയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റും ലഭിക്കില്ല.
ജൂലൈ മുതലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകള്‍ക്ക് ഇതിനായി സജ്ജമാക്കിയിട്ടുള്ള എമര്‍ജന്‍സി നമ്പറായ 102 ല്‍ വിളിച്ചോ, സ്വകാര്യ ആശുപത്രികള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന അമ്മമാരുടെ മെഡിക്കല്‍ രേഖകള്‍ ആരോഗ്യവകുപ്പ് നിരീക്ഷിക്കുകയും ഡോക്ടറെ കാണാനുള്ള സമയം ഓര്‍മ്മിപ്പിക്കുകയും അനീമിയ, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യും. ഒരു വര്‍ഷമായി തമിഴ്നാട്ടിലെ മൂന്ന് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയകരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്.
തമിഴ്നാട്ടില്‍ നടക്കുന്ന 60 ശതമാനം പ്രസവങ്ങളും സര്‍ക്കാര്‍ ആശുപത്രികളിലാണ് നടക്കുന്നത്. സ്വകാര്യ ആശുപത്രികളിലും വീടുകളിലും നടക്കുന്ന പ്രസവങ്ങളെക്കുറിച്ച് സര്‍ക്കാരിന് കാര്യമായ വിവരങ്ങള്‍ ഒന്നുമില്ല. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്ക് അനര്‍ഹരാകുമെന്ന് കരുതി ഇക്കാര്യം യഥാസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യാറുമില്ല. ഇതൊക്കെ പുതിയ സംവിധാനത്തിലൂടെ അറിയാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
Post Your Comments