പാലാ: പരിസ്ഥിതിയുടെ പേരിലുള്ള പരസ്യത്തിന് ഖജനാവ് കൊള്ളയടിച്ച് സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തിയെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. പരിസ്ഥിതിയുടെ പേരില്‍ പരസ്യത്തിനായി സര്‍ക്കാര്‍ വന്‍തോതില്‍ പണം ചെലവഴിച്ചത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മുടക്കിയ തുക പരിസ്ഥിതി സൗഹാര്‍ദ സംഘടനകള്‍ക്കും സ്കൂളുകള്‍ക്കുമായി വീതിച്ചു നല്‍കിയിരുന്നെങ്കില്‍ പ്രയോജനപ്പെടുമായിരുന്നു.
പരിസ്ഥിതിയുടെ പേരില്‍ ഇത്തരത്തില്‍ ധൂര്‍ത്തു നടത്തിയ ഒരു സര്‍ക്കാര്‍ സംവിധാനവും ലോകത്തുണ്ടാവാനിടയില്ലയെന്നും പി സി ജോര്‍ജ് പറഞ്ഞു. ഒരു കോടി മരം നടുമെന്നാണ് പ്രഖ്യാപനം. ഇത്തരത്തില്‍ പ്രഖ്യാപനം നടത്തി നട്ട മരങ്ങള്‍ മുഴുവന്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ മരങ്ങള്‍ നടേണ്ട സാഹചര്യമുണ്ടാകുമായിരുന്നില്ല. വച്ചു പിടിപ്പിച്ച മരങ്ങള്‍ സംരക്ഷിക്കാനാണ് നോക്കേണ്ടത്.
നട്ടമരങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും സിനിമാ താരങ്ങളും നിര്‍വഹിക്കണം. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ദിനാചരണത്തില്‍ മാത്രം ഒതുങ്ങരുതെന്നും തുടര്‍ച്ചയായ പരിചരണം മരങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നാലുവര്‍ഷമായി ഈരാറ്റുപേട്ട ഹൈവേയില്‍ കൊച്ചിടപ്പാടി ഭാഗത്ത് സംരക്ഷിക്കപ്പെടുന്ന മരങ്ങള്‍ ഇതിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിടപ്പാടിയിലെ കടവ് വഴിയോര ഉദ്യാനപരിപാലന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോകപരിസ്ഥിതി ദിനാചരണ പരിപാടിയുടെ സമാപനം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Post Your Comments