മലപ്പുറം•നിശ്ചയദാർഢ്യത്തിന് മുന്നിൽ വിധി മുട്ടുമടക്കി. ജന്മനാൽ അരക്ക് താഴെ തളർന്ന ബിന്ദുവിനു മുന്നിലാണ് വിധിയുടെ കീഴടങ്ങൽ. കൂലിവേല ചെയ്തു ജീവിക്കുന്ന നിലമ്പൂർ ചക്കാലക്കുത്തു പുത്തൻപുര പൊന്നു-ശകുന്തള ദമ്പതികളുടെ മകളാണ് ബിന്ദു. മുട്ടുകുത്തി, കൈ നിലത്തൂന്നി നടന്നിരുന്ന ബിന്ദു ഇന്ന് ഒരു നാടിന്റെ സഹോദരിയും, മകളുമാണു. ഏകദേശം രണ്ടു വർഷം മുൻപ് നാട്ടുകാരുടെയും, കൂട്ടുകാരുടെയും നിർദ്ദേശങ്ങൾ ചെവികൊണ്ടു ഡ്രൈവിംഗ് ലൈസൻസ് എടുത്ത ബിന്ദു അന്നേ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.
നിലമ്പൂർ ആർടിഒ ക്കു കീഴിൽ ടെസ്റ്റ് വിജയിച്ച ബിന്ദുവിനു അന്നത്തെ ആർടിഒ നേരിട്ടു ലൈസൻസ് നൽകിയത് വാർത്താ ചാനലുകളിൽ നിറഞ്ഞിരുന്നു. അന്ന് തൊട്ടു നിലമ്പൂർ റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാൻഡ്, ബീവറേജ്, സിനിമാ ശാലകളുടെ മുന്നിൽ കേരള സംസ്ഥാന ലോട്ടറിയുമായി നിറ സാന്നിധ്യമാണ് ബിന്ദു. ഒരു കുടുംബത്തിന്റെ നെടുംതൂണാണ് ഇന്ന് ബിന്ദുവിന്റെ ലോട്ടറി കച്ചവടം. ഇതുകണ്ട് ഒട്ടനവധി അംഗപരിമിതർക്കു പ്രചോദനമാവാനും ബിന്ദുവിന് കഴിഞ്ഞു. തങ്ങളുടെ സ്വന്തം സഹോദരിയായി, മകളായി നിലമ്പൂരുകാരും ബിന്ദുവിനെ കാണുന്നു. തന്റെ ജോലിയിലൂടെ അമ്മയ്ക്കും അച്ഛനും വലിയൊരു താങ്ങാണ് ഇന്നു ബിന്ദു. തന്റെ ജോലിയിൽ പൂർണ്ണ സംതൃപ്തയാണിന്നിവർ.
Post Your Comments