അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍. ഇന്ത്യന്‍വംശജനും മുപ്പത്തെട്ടുകാരനുമായ യുവ ഡോക്ടര്‍ ലിയോ വരാദ്കര്‍ അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി അടുത്തയാഴ്ച സ്ഥാനമേല്‍ക്കും. അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് വരാദ്കര്‍. ആദ്യമായാണ് യൂറോപ്പില്‍ ഒരു ഇന്ത്യന്‍വംശജന്‍ രാജ്യഭരണത്തിന്റെ തലപ്പത്തേക്ക് വരുന്നത്. വളരെ ചെറുപ്പത്തില്‍ത്തന്നെ (28 ാംവയസ്സില്‍) പാര്‍ലമെന്റംഗമായ അദ്ദേഹം ആരോഗ്യമന്ത്രിയായും (2014-16), ഗതാഗതം, ടൂറിസം, സ്‌പോര്‍ട്‌സ് മന്ത്രിയായും (2011-14) പ്രവര്‍ത്തിച്ചിട്ടുണ്ട്. 1979-ല്‍ ജനിച്ച അദ്ദേഹം ഡബ്‌ളിനിലെ പ്രശസ്തമായ ട്രിനിറ്റി കോളേജില്‍നിന്നാണ് മെഡിസിനില്‍ ബിരുദം കരസ്ഥമാക്കിയത്.
ഇന്ത്യയിലുള്ള ബന്ധുക്കളുമായി അടുത്ത ബന്ധംപുലര്‍ത്തുന്നയാളാണ് ലിയോ. അദ്ദേഹം പലപ്രാവശ്യം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആസ്പത്രിയില്‍ കുറച്ചുകാലം ജോലിചെയ്തിട്ടുമുണ്ട്. മുംബൈക്കാരനായ അദ്ദേഹത്തിന്റെ അച്ഛന്‍ ഡോ. അശോക് വരാദ്കര്‍ 1970-കളില്‍ അയര്‍ലന്‍ഡില്‍ കുടിയേറിയതാണ്. അമ്മ ഐറിഷ്‌കാരിയും നഴ്‌സുമായ മറിയം. രണ്ട് സഹോദരിമാരുണ്ട്-അയര്‍ലന്‍ഡിലെ പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ. സോഫിയ വരാദ്കറും ഡബ്‌ളിനിലെ കൂമ്പ് ആശുപത്രിയിലെ നഴ്‌സായ സോണിയ വരാദ്കറും. ”എന്റെ പിതാവ് 5000 കിലോമീറ്റര്‍ യാത്രചെയ്ത് ഇവിടെ എത്തിയപ്പോള്‍ വിചാരിച്ചിട്ടുണ്ടാവില്ല അദ്ദേഹത്തിന്റെ മകന്‍ ഇവിടെ ഭരിക്കുമെന്ന്” -വരാദ്കര്‍ പറഞ്ഞു. നിലവിലെ ഗൃഹമന്ത്രിയായ സൈമണ്‍ കമേനിയെയാണ് വരാദ്കര്‍ പരാജയപ്പെടുത്തിയത്.
കടപ്പാട് – മാതൃഭൂമി
Post Your Comments