കണ്ണൂര്‍: ആറ് ജില്ലകളിലെ പൂട്ടിയ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കും. കുറ്റിപ്പുറം പാതയുടെയും അരൂര്‍ മുതല്‍ കഴക്കൂട്ടം വരെയുള്ള റോഡിനും ദേശീയപാതാ പദവി ഇല്ലാതായതോടെയാണ് ഇവിടങ്ങളില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ നാലു ബിയര്‍-വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. വടകര ശ്രീമണി, കൊയിലാണ്ടി പ്രിന്‍സ്, പാര്‍ക്ക് റീജിയണ്‍, പയ്യോളിയിലെ തീര്‍ത്ഥ എന്നിവയാണു തുറന്നത്. ജില്ലയില്‍ അഞ്ചു ബിയര്‍-വൈന്‍ പാര്‍ലറുകള്‍ കൂടി തുറക്കാനുണ്ട്. ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ പി.കെ. സുരേഷ് പറഞ്ഞു.
ഇതില്‍ മൂന്നു ബാറുകള്‍ സ്വകാര്യ വ്യക്തികളുടേയും രണ്ടെണ്ണം കെ.ടി.ഡി.സിയുടേതുമാണ്. ജില്ലയില്‍ 35 ബിയര്‍പാര്‍ലറുകളാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പൂട്ടിയ 13 മദ്യവില്‍പന കേന്ദ്രങ്ങളും ഇതിനോടകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇനി രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കാനുള്ളത്.
മലപ്പുറം ജില്ലയില്‍ പൂട്ടിപ്പോയ അഞ്ചു ബാറുകള്‍ തുറക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ ബാറുകള്‍ തുറക്കാനുള്ള നീക്കത്തിലാണ് ഉടമകള്‍. കണ്ണൂര്‍ ജില്ലയില്‍ നാലു ബീവറേജ് ഔട്ട്ലെറ്റുകളും ഒരു കണ്‍സ്യൂമര്‍ ഫെഡ് വില്‍പനശാലയും വീണ്ടും തുറക്കും. പൂട്ടിയ ഏഴ് ബിവറേജ് ഔട്ട്ലെറ്റുകളില്‍ മൂന്നെണ്ണം മാറ്റി സ്ഥാപിച്ചു കഴിഞ്ഞു.
കാസര്‍ഗോഡ് ജില്ലയിലെ എട്ട് ഔട്ട്ലെറ്റുകളില്‍ അഞ്ചെണ്ണം ദേശീയ പാതയോരപരിധിയിലായിരുന്നു. ഇവയില്‍ മൂന്നെണ്ണം മാറ്റി സ്ഥാപിച്ചു. രണ്ടെണ്ണം തുറന്നു പ്രവര്‍ത്തിക്കും. ജില്ലയില്‍ ദേശീയ പാതയോരത്തെ പൂട്ടിയ ആറു ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കും. ഒരെണ്ണം തുറന്നു കഴിഞ്ഞു.
ആലപ്പുഴ ജില്ലയില്‍ 15 ബിയര്‍ പാര്‍ലറുകളും 29 കള്ളുഷാപ്പുകളും എട്ട് വിദേശ മദ്യവില്‍പനശാലകളും തുറക്കാന്‍ അനുമതി തേടി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസില്‍ അപേക്ഷ നല്‍കി.
കൊല്ലം ജില്ലയില്‍ 21 ബിയര്‍-വൈന്‍ പാര്‍ലറുകളും ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ ആറു മദ്യവില്‍പനശാലകളും തുറക്കും. കണ്ണൂര്‍ കുറ്റിപ്പുറം പാതയുടെ ദേശീയ പദവി ഒഴിവാക്കിയതിനെ തുടര്‍ന്ന് മാഹിയില്‍ 32 മദ്യശാലകള്‍ തുറക്കാനാണ് വഴി തെളിഞ്ഞിരിക്കുന്നത്.
Post Your Comments