ഹൈദരാബാദ് : പാക് ബാലന് സഹായമൊരുക്കി ഇന്ത്യ. തന്റെ രണ്ടര വയസുകാരന്‍ മകന് ഇന്ത്യയില്‍ ചികിത്സ തേടാന്‍ അനുമതി തേടിയ പാക്ക് യുവാവിനും കുടുംബത്തിനും മെഡിക്കല്‍ വീസ അനുവദിച്ചുകൊണ്ടാണ് സുഷമ സ്വരാജ് മാതൃകയായത്. ഹൃദയസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് കെന്‍ സിദ് മെഡിക്കല്‍ വിസയ്ക്കായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സമീപിച്ചത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു കെന്നിന്റെ സഹായാഭ്യര്‍ഥന.
‘അവന്‍ എന്റെ മകനാണ്. ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സംഭവിക്കുന്നത് എന്താണെന്ന് അവനറിയില്ല.’ തന്റെ മകന്റെ ചിത്രത്തിനൊപ്പം കെന്‍ ട്വിറ്ററില്‍ കുറിച്ചു. കുഞ്ഞിന് സഹായം ഉറപ്പാക്കണമെന്ന അഭ്യര്‍ഥനയുമായി ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ എത്തിയതോടെ പോസ്റ്റ് വൈറലായി. തുടര്‍ന്ന് സുഷമ സ്വരാജ് ഇങ്ങനെ ട്വീറ്റ് ചെയ്തു: ‘ ഇല്ല, കുട്ടി കഷ്ടപ്പെടേണ്ടി വരില്ല. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ബന്ധപ്പെടുക. ഞങ്ങള്‍ മെഡിക്കല്‍ വീസ ലഭ്യമാക്കാം.”മന്ത്രിയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ എംബസിയെ സമീപിച്ച കെന്നിനും കുടുംബത്തിനും വിസ അനുവദിച്ചു കിട്ടി. മൂന്നു മാസത്തെ വീസയ്ക്കായി ശ്രമിച്ചു വന്ന ഇവര്‍ക്ക് നാലു മാസത്തേയ്ക്കുള്ള വീസയാണ് വിദേശകാര്യ മന്ത്രാലയം അനുവദിച്ചത്.
മന്ത്രിയുടെ നല്ല മനസ്സിന് നന്ദിയറിയിച്ച് കെന്നിന്റെ ട്വീറ്റും പിന്നാലെയെത്തി. ‘അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും മാനവികത കാത്തുസൂക്ഷിക്കുന്നു എന്നത് സന്തോഷം പകരുന്നതാണ്. നിങ്ങളുടെ എല്ലാ പരിശ്രമങ്ങള്‍ക്കും നന്ദി. മനുഷ്യത്വം നിലനില്‍ക്കുന്നു! ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!’
Post Your Comments