India

കൃത്രിമത്വം തെളിയിക്കാന്‍ നാളെ ഹാക്കത്തോണ്‍

 

ന്യൂഡല്‍ഹി : കൃത്രിമത്വം തെളിയിക്കാന്‍ നാളെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഹാക്കത്തോണിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത് പത്തിലധികം വോട്ടിംഗ് യന്ത്രങ്ങളാണ്. യന്ത്രങ്ങള്‍ പരിശോധിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കും ഹാക്കര്‍മാര്‍ക്കും അവസരം നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഈ പരിശോധന എല്ലാ സംശയങ്ങളും മാറ്റുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ക്ഷണിച്ചെങ്കിലും ആം ആദ്മി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടു വന്നിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത് സി.പി.എമ്മും എന്‍.സി.പിയും മാത്രമാണ്.

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തുന്നത് സംബന്ധിച്ച പരീക്ഷണത്തില്‍ പ്രത്യേക നിയന്ത്രണങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നോട്ടു പോയതായി ആരോപിച്ചാണ് ആം ആദ്മി പിന്മാറിയത്. നാളെ ഡല്‍ഹിയില്‍ സമാന്തരമായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുമെന്നും ആം ആദ്മി അറിയിച്ചിട്ടുണ്ട്. ബി.ജെ.പി വിജയിച്ചത് തിരഞ്ഞെടുപ്പ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബി.ജെ.പിക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും ആരോപണമുണ്ടായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ചില ദേശീയ പാര്‍ട്ടികളുടെ നേതാക്കളും ഇതേ ആരോപണവുമായി രംഗത്തെത്തി. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടത് തിരഞ്ഞെടുപ്പ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതുമൂലമാണെന്നും കേജ്രിവാള്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button