KeralaLatest NewsNews

സെൻകുമാറിനെതിരായ പരാതി ഉന്നതൻ മുക്കിയതിനെതിരെ നടപടിക്ക് നീക്കം

തിരുവനന്തപുരം: എഐജി: വി.ഗോപാലകൃഷ്ണൻ ഡിജിപി: ടി.പി.സെൻകുമാറിനെതിരെ നൽകിയ പരാതി സെക്രട്ടേറിയറ്റിൽ 70 ദിവസത്തിലേറെ മുക്കിയതായി ആക്ഷേപം. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സിപിഎം സംഘടനാ നേതാവാണ് ഒടുവിൽ പരാതി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടു പൊതുഭരണ വകുപ്പു സി സെക്‌ഷനിലെ ഉന്നതനെതിരെ നടപടി ഉണ്ടാകുമെന്നാണു സൂചന.

മാർച്ച് പകുതിയോടെയാണു ഗോപാലകൃഷ്ണൻ തന്റെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ സെൻകുമാർ എഴുതിയ ചില പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനു പരാതി നൽകിയത്. രണ്ടു മാസത്തിനു ശേഷവും ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനെ സമീപിച്ചു.

എം.വി.ജയരാജന്റെ ഇടപെടലോടെയാണ് ഫയല്‍ നീക്കം കണ്ടെത്തല്‍ വേഗം പ്രാപിച്ചത്. പൊതുഭരണ വകുപ്പിലെ സി സെക്‌ഷനിലുണ്ടെന്ന സൂചന ലഭിച്ചതോടെ അവിടെ പരാതി കൈകാര്യം ചെയ്യുന്ന സെക്‌ഷൻ ഓഫിസറോടു തിരക്കി. തന്റെ കയ്യിൽ കിട്ടിയില്ലെന്നായിരുന്നു മറുപടി. പിന്നീട് ഒരു ദിവസം മുഴുവൻ അവരുടെ കംപ്യൂട്ടർ പരിശോധിച്ചു. ഒടുവിൽ ഈ പരാതി കംപ്യൂട്ടറിൽ മറ്റൊരിടത്തേയ്ക്കു മാറ്റിയിട്ടതായി കണ്ടെത്തി.

‘ഇ ഓഫിസ് ’സംവിധാനം വഴിയാണ് ഇവിടെ ഫയൽ നീക്കം. അതിനാൽ അണ്ടർ സെക്രട്ടറി മുതൽ അഡീഷനൽ ചീഫ് സെക്രട്ടറി വരെ പൊതുഭരണ വകുപ്പിലെ ആർക്കും ഈ ഫയലുകൾ പരിശോധിക്കാനോ കൈകാര്യം ചെയ്യാനോ കഴിയും. തുടർന്നു നടത്തിയ പരിശോധനയിലാണ് ഈ സെക്‌ഷനിലെ ഒരു അഡീഷനൽ സെക്രട്ടറിയുടെ കംപ്യൂട്ടറിൽ നിന്നാണു പരാതി മറ്റൊരു സ്ഥലത്തേക്കു മാറ്റിയിട്ടതെന്നു കണ്ടെത്തിയത്.
അതിനുശേഷം മിന്നൽ വേഗത്തിലാണു സെക്‌ഷൻ ഓഫിസറുടെ കംപ്യൂട്ടറിൽ നിന്നു മുഖ്യമന്ത്രിയുടെ ഓഫിസ്‌ വരെ ഫയൽ എത്തിയത്.

വൈകാതെ സെൻകുമാറിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഗോപാലകൃഷ്ണന് അനുമതി നൽകിയുള്ള ഉത്തരവും പുറത്തിറങ്ങി. എന്തിനാണ് ഈ പരാതി ഇത്ര നാളും മാറ്റിവച്ചതെന്നു പരിശോധനാ സംഘത്തിനു പിടികിട്ടിയില്ല. ഏതായാലും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനാണ് ആലോചന. അതിനു മുൻപായി വിശദീകരണം ചോദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button