സിഎ പുഷ്പ്പരാജ്
മലപ്പുറം: കേരളം പാലുൽപ്പാദനത്തിൽ സ്വയം പര്യപ്തതയിലേക്ക് നീങ്ങമ്പോൾ മലബാർ മേഖല പാൽ പ്രളയത്തിലേക്ക്. വേനൽ മഴ നേരത്തെ ലഭിച്ചതിനാൽ പശുക്കൾക്കും തൊഴുത്തിലും ആവശ്യത്തിന് വെള്ളം ലഭിച്ചതും പച്ചപ്പുൽ മുളച്ചു തുടങ്ങിയതുമാണ് പാൽ ഉത്പ്പാദനത്തിൽ പൊടുന്നനെയുള്ള വർദ്ധനവിന് ഇടയാക്കിയത്.
കാലവർഷത്തിൻ്റെ ആരംഭവും നോമ്പും ഒരുമിച്ചു വന്നതിനാൽ വിപണിയിൽ ക്ഷീരസംഘങ്ങളുടെ പ്രാദേശിക പാൽ വിൽപ്പന കുറഞ്ഞത് മിൽമക്ക് ഇരുട്ടടിയായി. മലബാർ മിൽമയിൽ ഇപ്പോൾ കഴിഞ്ഞ വർഷം സംഭരിച്ചിരുന്ന പാലിനെക്കാൾ 65,000 ലിറ്റർ പാൽ പ്രതിദിനം അധികമാണ് സംഭരിക്കുന്നത്. ഇപ്പോഴത്തെ പ്രതിദിനപാൽ സംഭരണം 6.5 ലക്ഷം ലിറ്ററിന് മുകളിലാണ്. പാൽ സംഭരണത്തിൽ ഓരോ ദിവസവും പുതിയ റിക്കാർഡുകളാണ്. പാൽ സംഭരണം ഇനിയും വർദ്ധിക്കാനാണ് സാധ്യത. പാലക്കാട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടിയ വർദ്ധനവ് വന്നിട്ടുള്ളത്.
പാലക്കാട് ഡെയറിയിൽ മാത്രം സംഭരണം ഒരുലക്ഷത്തി തൊണ്ണൂറായിരം ലിറ്റർ കവിഞ്ഞു. ഇത് കഴിഞ്ഞ വർഷം ഈ സമയത്തെക്കാൾ മുപ്പതിനായിരം ലിറ്റർ അധികമാണ്. കൂടാതെ പട്ടാമ്പി, അട്ടപ്പാടി ചില്ലിംഗ് പ്ലാൻ്റുകളിലും പാൽ സംഭരണം കൂടിവരുന്നു. പട്ടാമ്പി ചില്ലിംഗ് പ്ലാൻ്റിലെ പാൽ സംഭരണം 30,000 ലിറ്റർ കവിഞ്ഞു. പാലക്കാട് ഡെയറിയുടെ 52 ബൾക്ക് മിൽക്ക് കൂളറുകളിലൂടെയാണ് പാൽ സംഭരിക്കുന്നത്. പാൽ സംഭരണശേഷി 1, 83,000 ലിറ്ററാണ്. ഇപ്പോൾ തന്നെ പാലിൻ്റെ അളവ് സംഭരണശേഷിയിലും കൂടുതലായതിനാൽ പാൽ കൈകാര്യം ചെയ്യാൻ പ്രയാസം ഏറെയാണ്.
പതിമൂന്ന് മിൽക്ക് ടാങ്കറുകൾ ഇരുപത്തയഞ്ചിലേറെ ട്രിപ്പുകളിലൂടെയാണ് പാൽ ഡെയറിപ്ലാൻ്റിലെത്തിക്കുന്നത്. നിലവിൽ 53 സംഘങ്ങൾക്ക് മിൽക്ക് ക്വാട്ട ഉണ്ടായിരിക്കുമ്പോളാണ് ഈവർദ്ധനവ്. ക്വാട്ട ഉയർത്തി നൽകണമെന്ന ആവശ്യം പല സംഘങ്ങളും ഉന്നയിച്ചു തുടങ്ങി. പാൽ ഉൽപ്പാദനം ഗണ്യമായി വർദ്ധിക്കുകയും നോമ്പിനോടനുബന്ധിച്ച് വിൽപ്പനയിൽ കുറവ് വരികയും വന്ന സാഹചര്യത്തിൽ അധികമുള്ള പാൽ കൈകാര്യം ചെയ്യാനാവാത്ത അവസ്ഥയിലാണ് മലബാർ മിൽമ
തിരുവന്തപുരം മിൽമയിലേക്കും, പാൽപ്പൊടിയാക്കി സൂക്ഷിക്കുന്നതിന് ആലപ്പുഴ, തമിഴ്നാട്ടിലെ ഈറോഡ് പൗഡർ പ്ലാൻ്റിലേക്കുമായി പ്രതിദിനം ഒരു ലക്ഷം ലിറ്ററിന് മുകളിലാണ് മലബാറിൽ നിന്നും പാൽ അയക്കുന്നത്. ഒരു ലിറ്റർ പാൽ പൊടിയാക്കുമ്പോൾ 10 രൂപയിലധികമാണ് ചെലവ് വരുന്നത്.
Post Your Comments