
മഴക്കാലത്ത് വാഹം ഓടിക്കുന്നത് നന്നേ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടുതല്‍ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതും മഴക്കാലത്താണ്. വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം…
* വേഗത പരമാവധി കുറയ്ക്കുക
റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണപ്പാടുകള്‍ മഴപെയ്യുന്നതോടെ അപകട കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കമുള്ളതാകുന്നു. അതുകൊണ്ട് പരാമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം.
* ശക്തമായ മഴയില്‍ പരമാവധി യാത്ര ഒഴിവാക്കുക
മഴ അതിശക്തമാണെങ്കില്‍ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് അല്‍പ്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞ ശേഷം യാത്ര തുടരുകയുമാകാം.
നേരത്തെ ഇറങ്ങുന്നത് നന്നാകും മഴക്കാല യാത്രയ്ക്ക് കൂടുതല്‍ സമയം കണ്ടെത്താന്‍ ശ്രമിക്കുക. ഗതാഗത കുരുക്കുകളും മാര്‍ഗ്ഗ തടസവും മുന്നില്‍ക്കണ്ടുകൊണ്ട് സാധാരണ ദിവസത്തെക്കാള്‍ അല്‍പം നേരത്തെ ഇറങ്ങുന്നതാണ് നല്ലത്.
* മുന്‍കരുതല്‍ നല്ലതാണ്
ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുന്‍പ് പരിശോധിക്കുന്നത് നല്ലത്. അവശ്യ ഘട്ടങ്ങളില്‍ അറ്റകുറ്റപ്പണി നടത്താന്‍ വേണ്ട ഉപകരണങ്ങളും ബള്‍ബുകളും വാഹനത്തില്‍ കരുതാം. സര്‍വ്വീസ് സെന്ററിലെയോ അടുത്തറിയാവുന്ന മെക്കാനിക്കിന്റെയോ ഫോണ്‍ നമ്പര്‍ ഓര്‍ത്തു വയ്ക്കുന്നത് അത്യാവശ്യ ഘട്ടത്തില്‍ ഉപകാരമാകും.
* ഹെഡ് ലൈറ്റ് ഓണാക്കി വാഹനം ഓടിക്കുക
വാഹനം ബൈക്കായാലും കാറായാലും ശരി ശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകള്‍ കത്തിക്കുന്നത് നല്ലതാണ്. ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍ സംവിധാനം ഉള്ളതിനാല്‍ പുതിയ ഇരുചക്ര വാഹനങ്ങളില്‍ എല്ലായ്‌പ്പോഴും ലൈറ്റ് തെളിഞ്ഞിരിക്കും. ശക്തമായ മഴയില്‍ റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്‌ലൈറ്റ് സഹായിക്കും.
* റോഡിലെ കുഴികള്‍ സൂക്ഷിക്കുക
മഴ എത്തുന്നതോടെ പല റോഡുകളുടെയും അവസ്ഥ വളരെ മോശമാകും. റോഡില്‍ രൂപപ്പെടുന്ന വലിയ കുഴികള്‍ അപകടം വിളിച്ചുവരുത്തും. വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തു കൂടി വാഹനം പരമാവധി സാവധാനം ഓടിക്കുന്നതാണ് ഉത്തമം. റോഡിന്റെ വശങ്ങളില്‍ കൂടതല്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പരമാവധി മധ്യഭാഗത്തുകൂടി വാഹനം ഓടിക്കുന്നതാണ് നല്ലത്. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന റോഡുകളുടെ നിലവാരത്തെക്കുറിച്ച് മുന്‍ധാരണ ഉണ്ടാകുന്നത് വളരെ നല്ലതാണ്.
* ടയറുകള്‍ ശ്രദ്ധിക്കുക
മഴക്കാലത്തിനു മുന്‍പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നതാണ് ഉത്തമം. പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഡ്ഡിത്തമാകും. തേയ്മാനം കൂടുന്തോറും ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. ബൈക്കുകളില്‍ ഡിസ്‌ക് ബ്രേക്കാണെങ്കില്‍ ബ്രേക്ക് പാനലില്‍ പൊടിയും ചളിയും അടിഞ്ഞു കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
* വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ യാത്രവേണ്ട
മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. അവയുടെ കൂറ്റന്‍ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്. ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില്‍ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനം പൂര്‍ണ്ണനിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി ദൂരം അകലം പാലിക്കുക. വളവുകള്‍ സൂക്ഷിച്ച് മാത്രം തിരിയുക. വെട്ടിയൊഴിയല്‍ ഒഴിവാക്കുക.
Post Your Comments