മോഡലും ടിവി അവതാരകയുമായ സോണിക സിംഗ് ചൗഹാന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളി നടന് വിക്രം ചാറ്റര്‍ജിക്കെതിരേ പോലീസ് നരഹത്യക്കു കേസ് രജിസ്റ്റര്‍ ചെയ്തു. പത്തു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇതുകൂടാതെ അശ്രദ്ധമായി വാഹനമോടിച്ച മറ്റൊരു കേസും വിക്രത്തിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 29ന് പുലര്‍ച്ചെ വിക്രത്തിനൊപ്പം സഞ്ചരിക്കുമ്പോള്‍ ഉണ്ടായ അപകടത്തിലാണ് സോണികയ്ക്ക് മരണം സംഭവിച്ചത്. വിക്രം ഓടിച്ചിരുന്ന കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ചു മറിയുകയും സോണിക തല്‍ക്ഷണം മരിക്കുകയുമായിരുന്നു. അപകടത്തില്‍ വിക്രത്തിനു പരിക്കേറ്റിരുന്നു.
കാറോടിച്ചിരുന്ന വിക്രം ചാറ്റര്‍ജി മദ്യലഹരിയിലായിരുന്നുവെന്നും വിക്രമാണ് മകളുടെ മരണത്തിനു ഉത്തരവാദിയെന്നും സോണികയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. താന്‍ മദ്യപിക്കാറുണ്ടെങ്കിലും അപകടമുണ്ടായ രാത്രിയില്‍ മദ്യപിച്ചിരുന്നില്ലെന്നാണ് വിക്രം നല്‍കിയിരിക്കുന്ന മൊഴി. അതേദിവസം ചാറ്റര്‍ജിയും സോണികയും സന്ദര്‍ശിച്ച ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. മരണത്തിന് ഏതാനും സമയം മുന്‍പുവരെ സോണികയ്ക്കൊപ്പമുണ്ടായിരുന്ന അഞ്ച് സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു. ഇതിനുശേഷമാണ് വിക്രത്തിനെതിരേ പോലീസ് നരഹത്യക്കു കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments