ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ക്ക് ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു. ഒരു പ്രതിഷേധ പരിപാടിയില്‍ പെങ്കടുക്കാന്‍ താന്‍ മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണെന്നും ട്രെയിനില്‍ റിസര്‍വേഷന്‍ ലഭിക്കാത്തതിനാലാണ് കേസില്‍ ഹാജരാവാന്‍ കഴിയാത്തതെന്നും കാണിച്ച് മേധ അഭിഭാഷകന്‍ മുഖേന ഹരജി നല്‍കിയിരുന്നു.
എന്നാല്‍, വിശദീകരണം വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിക്രാന്ത് വൈദ് വാറന്‍റ് പുറപ്പെടുവിച്ചത്. ഖാദി ഗ്രാമ വ്യവസായ കമീഷന്‍ ചെയര്‍മാന്‍ വി.കെ. സക്സേനക്കെതിരെ മേധയും മേധക്കെതിരെ സക്സേനയും നല്‍കിയ അപകീര്‍ത്തിക്കേസുകളുമായി ബന്ധപ്പെട്ട വിചാരണയിലാണ് നര്‍മദ ബചാവോ ആന്ദോളന്‍ അധ്യക്ഷ ഹാജരാവാതിരുന്നത്.
കേസില്‍ അടുത്ത വാദം ജൂലൈ 10ന് നടക്കും. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ സിവിക് ലിബര്‍ട്ടീസ് എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്‍റായിരിക്കെ വി.കെ. സക്സേന, നര്‍മദ ബചാവോ ആന്ദോളനും തനിക്കുമെതിരെ അപകീര്‍ത്തികരമായ പരസ്യം നല്‍കിയെന്ന് ചൂണ്ടിക്കാണിച്ച് 2000ത്തിലാണ് മേധ കോടതിയെ സമീപിച്ചത്.
Post Your Comments