ധാക്ക: ബംഗ്ലാദേശിലെ തീരദേശ ജില്ലകളില്‍ മോറ ചുഴലിക്കാറ്റ് ആഞ്ഞുവീശി വന്‍നാശനഷ്ടം. മ്യാന്‍മാറിലെ രോഹിംഗ്യ മുസ്ലീങ്ങളുടെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ പൂര്‍ണ്ണമായു തകര്‍ന്നു. കോക്സ് ബസാര്‍ ജില്ലയിലെ സെന്റ് മാര്‍ട്ടിന്‍, തെക്നാഫ് ദ്വീപുകളിലാണ് ചുഴലിക്കാറ്റ് ശക്തമായി വീശിയത്.
സംഭവത്തെതുടര്‍ന്ന് 350,000 പേരെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ബാലുഖാലി, കുടുപലോങ് ക്യാമ്പുകളിലെ അഭയാര്‍ത്ഥിക്കുടിലുകള്‍ തകര്‍ന്നതായി ഷംസുല്‍ അലം എന്ന അഭയാര്‍ത്ഥി നേതാവ് പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിന്റെ ഭാഗമായി മ്യാന്‍മര്‍ ആര്‍മിയുടെ അതിക്രമങ്ങള്‍ നേരിടേണ്ടിവന്നതോടെ മ്യാന്‍മര്‍ വിടേണ്ടിവന്ന 74,000 രോഹിംഗ്യ മുസ്ലീങ്ങളാണ് ബംഗ്ലാദേശില്‍ അഭയം തേടിയത്.
ബംഗ്ലാദേശ് സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഏകദേശം 350,000 രോഹിംഗ്യകളാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ ഉള്ളത്. കാറ്റ് ഇപ്പോഴും വീശിക്കൊണ്ടിരിക്കുന്നതിനാല്‍ നാശനഷ്ടങ്ങളെപ്പറ്റിയുള്ള വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല. മോറ ചുഴലിക്കാറ്റ് വീശയതിനു പിന്നാലെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മിസോറാം, മണിപൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments