വാഷിങ്ടണ്‍: അമേരിക്കയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ലാപ്‌ടോപ്പ് നിരോധിച്ചേക്കും. ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളിലും വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം.
അമേരിക്കന്‍ വിമാനങ്ങളെ ഭീകരര്‍ ലക്ഷ്യമിടുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനങ്ങളിലും വിമാനത്താവളങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജോണ്‍ കെല്ലി പറഞ്ഞു. പറക്കുന്ന വിമാനങ്ങളെ തകര്‍ത്ത് താഴെയിടുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനെ പ്രതിരോധിക്കാന്‍ ചില ഇലക്‌ട്രോണിക് വസ്തുക്കളെ വിമാനത്തില്‍ നിരോധിക്കേണ്ടതായി വരും. ആദ്യപടിയായി ലാപ്‌ടോപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ലാപ്‌ടോപ്പ് നിരോധനം ഏര്‍പ്പെടുത്തുന്നത് ഇവിടെനിന്നുള്ള വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. തീവ്രവാദ ഭീഷണികളുടെ പശ്ചാത്തലത്തില്‍ അടുത്തിടെ ചില വിദേശ രാജ്യങ്ങളും വിമാനങ്ങളില്‍ ഇലക്ട്രോണിക് വസ്തുക്കള്‍ നിരോധിച്ചിരുന്നു.
Post Your Comments