ഇന്ന് എറണാകുളം നഗരം ഒരു പ്രകടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു. മുസ്ലിം ഐക്യവേദി എന്ന പേരിലാണ് അത് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുവാക്കളടക്കം നൂറുകണക്കിന് പേര് ( അയ്യായിരത്തോളം എന്ന് മാധ്യമങ്ങൾ പറയുന്നു) അതിൽ പങ്കെടുത്തു. എന്നാൽ എന്തിനായിരുന്നു അതെന്നതാണ് രസകരം. ഒരു ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചത് കേരളം ഹൈക്കോടതി റദ്ദാക്കി. രണ്ട് കാരണങ്ങൾ ഉണ്ട് ; ഒന്ന് , നിർബന്ധിത മതം മാറ്റം. രണ്ട് : കോടതിയിൽ ഒരു ഹർജി നിലനിൽക്കെ നടത്തിയ മതം മാറ്റവും വിവാഹവും. ഇത് കണക്കിലെടുത്താണ് കോടതി ഇടപെട്ടത്. ഈ വിധിന്യായത്തിൽ പ്രധാനപ്പെട്ട ഒരു ഘടകം, ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് വിവാഹം എന്നും അത് ആ കുട്ടിയുടെ രക്ഷിതാക്കൾ അറിയാതെ, അവരുടെ സമ്മതമോ അറിവോ ഇല്ലാതെയാണ് ഈ വിവാഹം നടന്നതെന്നും അതുകൊണ്ടു തന്നെ അതിന് സാധുതയില്ല എന്നതാണ്. മറ്റൊന്ന് നിർബന്ധിത മതം മാറ്റം വിവാഹം തുടങ്ങിയവ സംബന്ധിച്ച് നടന്ന കാര്യങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം എന്ന് കോടതി പോലീസ് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു പെൺകുട്ടികളെ മയക്കിയെടുത്ത് മതം മാറ്റി വിവാഹം കഴിക്കുന്നു, വിദേശത്തേക്ക് കടത്തുന്നു, ഐഎസ് പോലുള്ള ഭീകര പ്രസ്ഥാനങ്ങളുമായി ഇതിനു ബന്ധമുണ്ട് തുടങ്ങിയ ആക്ഷേപങ്ങൾ ഉയരുന്നതിനിടയിലാണ് ഈ ഉത്തരവുണ്ടാവുന്നത് .
ഈ പെൺകുട്ടി സേലത്ത് ഹോമിയോപ്പതിക്കു പഠിക്കുകയായിരുന്നു. ഒരു പൂർവസൈനികന്റെ ഏക മകൾ. അവിടെനിന്നാണ് ആ കുട്ടി ഇസ്ലാമിക സംഘത്തിൽ പെടുന്നത്. നേരെ കൊണ്ടുപോയത് ‘സത്യസരണി’യിലേക്ക്. അവിടെവെച്ച് മാനസികമായി വല്ലാത്ത അവസ്ഥയിലെത്തിച്ചു എന്നും മതംമാറ്റം നടത്തിയെന്നും മറ്റുമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത് . ഈ പെൺകുട്ടിയെ നേരത്തെ തന്നെ ഹൈക്കോടതി ഇടപ്പെട്ട് എറണാകുളത്തെ എസ്എൻവി സദനത്തിൽ താമസിക്കാൻ ഏർപ്പാടാക്കുകയും ചെയ്തതാണ്.
ഇന്നിപ്പോൾ ഇസ്ലാമിക ഗ്രൂപ്പുകളെ ആശങ്കയിലാഴ്ത്തിയത് ഈ കേസിലെ വിധിന്യായം തന്നെയാണ് എന്ന് വേണം കരുതാൻ. ഒന്ന് അനധികൃതമായി പെൺകുട്ടികളെ തട്ടിയെടുത്തും മതം മാറ്റിയും നടത്തുന്ന വിവാഹങ്ങളുടെ സാധുത ഇല്ലാതായി. അത് നാളെകളിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തിവരുന്നവർക്ക് പ്രശ്നമാവും. ഇസ്ലാമിക സംഘങ്ങളുടെ നീക്കങ്ങൾക്ക് അത് തിരിച്ചടിയായിത്തീരും, തീർച്ച. മറ്റൊന്ന്, പോലീസ് അന്വേഷണം വേണ്ടവിധം നടന്നാൽ പലരും കുടുങ്ങും, ‘സത്യസരണി’ എന്ന കേന്ദ്രമുൾപ്പടെ. മറ്റൊന്ന്, മത പരിവർത്തനം, വിദേശത്ത് ഐഎസ് പോലുള്ളസംഘടനകൾക്ക് ആളെ കൊടുക്കൽ എന്നിവയുടെ പേരിലാണ് മുംബൈയിലെ ഒരു സാക്കിർ നായിക് പ്രതിക്കൂട്ടിലായത്. അതുമായി ബന്ധപ്പെട്ടും ‘കേരള കണക്ഷൻ’ ചർച്ചചെയ്യപ്പെട്ടതാണ് എന്നതോർക്കുക. സാക്കിർ നയിക്കിനുവേണ്ടി കേരളത്തിലെ ഈ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകൾ രംഗത്തുവരികയും ചെയ്തിരുന്നു; അക്കൂട്ടത്തിൽ ചില ലീഗ് നേതാക്കളും ഉണ്ടായിരുന്നു. എന്നാൽ സാക്കിർ നായിക് ഇന്നിപ്പോൾ ഇന്ത്യയിലില്ല, സൗദി അറേബ്യയിലാണ് എന്ന് കേൾക്കുന്നു. അനവധി കേസുകളിൽ അയാളിപ്പോൾ പ്രതിയാണ്. അതെ തരത്തിൽ കേരളത്തിലെ ചില സംഘടനകൾ ഉൾപ്പെടാനുള്ള സാധയത കാണാതെ പൊയ്ക്കൂടാ . അത്രമാത്രം പ്രാധാന്യം ഈ വിധിക്കുണ്ട്. അതൊക്കെയാണ് ഇന്നിപ്പോൾ ഇസ്ലാമിക ഗ്രൂപ്പുകളെ തെരുവിലേക്ക് ഇറക്കിയത്.
പക്ഷെ അവർ അവിടെ വിളിച്ച മുദ്രാവാക്യങ്ങൾ കോടതിക്കെതിരേറ്റയിരുന്നു എന്ന് കേൾക്കുന്നു. ന്യായാധിപന്മാരെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായും പറഞ്ഞുകേൾക്കുന്നു. ടിവി ചാനലുകളുടെ ക്ലിപ്പിങ്സ് നോക്കി അത് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനൊക്കെ സാധ്യതയുണ്ട്, കാരണം അത്രമാത്രം ആക്രമണോൽസുഹമായിരുന്നു ആ പ്രകടനം എന്ന് ടിവിയിലൂടെ കണ്ടപ്പോൾ തോന്നി. ഇത് ഒരർഥത്തിൽ വെറുതെ കുഴപ്പമുണ്ടാക്കാനുള്ള പദ്ധതിയാണ്. കോടതിവിധി എതിരായാൽ സാധാരണ നിലക്ക് എന്താണ് ചെയ്യുക, അപ്പീൽ കൊടുക്കണം. ഡിവിഷൻ ബഞ്ചാണ് ഇന്നിപ്പോൾ ഉത്തരവിട്ടത്. അതുകൊണ്ടു വേണമെങ്കിൽ സുപ്രീം കോടതിയിൽ പോകണം. അതല്ലാതെ തെരുവിൽ കോടതിയെയും ജഡ്ജിമാരെയും വെല്ലുവിളിക്കലല്ല അതിനുള്ള പരിഹാരം.
ഇത്തരം സംഭവങ്ങൾ കേരളത്തിൽ ഇതാദ്യമല്ല. മുൻപ് ഒരു മുതിർന്ന സിപിഎം നേതാവിനെതിരെ അഴിമതി ആരോപണത്തിന്മേൽ സിബിഐ അന്വേഷണം പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസിനെ നാടുകടത്തിയത് ഇവിടെയാണ്. ആ നേതാവിന്ന് മുഖ്യമന്ത്രിയാണ്. അതുപോലെ പൊതുസ്ഥലത്ത് ബീഡി വലിക്കുന്നത് കോടതി തടഞ്ഞപ്പോൾ ബീഡിത്തൊഴിലാളികളുമായി ഹൈക്കോടതി സ്തംഭിപ്പിക്കാൻ നടത്തിയ നീക്കവും കണ്ടിട്ടുണ്ട്. ഇതൊക്കെ മര്യാദയാണ് എന്ന് ഒരാൾക്കും പറയാനാവില്ല. വഴിയോരത്ത് പൊതുയോഗം നിരോധിച്ചപ്പോൾ വിധിയെഴുതിയ ജഡ്ജിക്കെതിരെ രോഷാകുലനായത് പോലെയേ ഇതിനെയൊക്കയും കാണാൻ കഴിയൂ എന്നാണ് തോന്നുന്നത്. ഇത്രയൊക്കെയായിട്ടും മുഖ്യമന്ത്രിയോ കേരളം ഭരിക്കുന്ന പാർട്ടിയോ ഈ കോടതിവിരുദ്ധ സമരത്തെക്കുറിച്ച് ഒന്നും പറയാതിരുന്നതും എന്തുകൊണ്ടാവാം?. അവർ പ്രതികരിക്കേണ്ടതായിരുന്നു. അല്ലെങ്കിൽ ഇത്തരം കോടതിവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സർക്കാർ അനുകൂലമാണ് എന്ന തോന്നലുണ്ടാവും. ഇനി അതല്ല, ഇസ്ലാമിക സംഘടനകളെ പേടിച്ചും സ്നേഹിച്ചുമാണ് മൗനവ്രതമെങ്കിൽ നല്ലതുതന്നെ.
Post Your Comments