റിയാദ്•ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന 6 ബസുകള്‍ കൂട്ടിയിടിച്ച് 15 പേര് മരിക്കുകയും 48 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ മദീന അല്‍ ഖസീം അതിവേഗ പാതയിലാണ് സംഭവം. മദീനയില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെ അല്‍ഖസീം അതിവേഗ പാതയിലെ ജബല്‍ അല്‍ ഉവൈല്‍ എന്ന സ്ഥലത്തിന് സമീപത്താണ് അപകടം നടന്നത്.
ഉംറ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. ആറ് ബസുകളും ഒന്നിനുപിറകെ ഒന്നായി ഇടിക്കുകയായിരുന്നു. കനത്ത പൊടിക്കാറ്റ് മൂലം ഡ്രൈവര്‍മാരുടെ കാഴ്ച തടസപ്പെട്ടതാകാം അപകടകാരണമെന്നാണ് കരുതുന്നത്. റെഡ്ക്രസന്റ്, ട്രാഫിക് വിഭാഗങ്ങള്‍, റോഡ് സുരക്ഷാ, ഗതാഗത മാനേജ്മെന്റ് വിഭാഗം, മുനിസിപ്പാലിറ്റി അധികൃതര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. പാകിസ്ഥാന്-ബംഗ്ലാദേശ് പൗരന്മാരാണ് ബസിലുണ്ടായിരുന്നവരില്‍ അധികവും. അപകടത്തില്‍പ്പെട്ടവരില്‍ ഒരു മലയാളിയും ഉണ്ടെന്ന് അറിയുന്നു.
Post Your Comments