കൊളംബോ : കാലവര്‍ഷത്തിന്റെ ഭാഗമായ കനത്തമഴയും തുടര്‍ന്നുള്ള പ്രളയവും ദുരന്തം വിതച്ച ശ്രീലങ്കയില്‍ സഹായവുമായി ഇന്ത്യ. ദുരന്തനിവാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ദുരിതാശ്വാസ സാമഗ്രികളും അടങ്ങിയ ഇന്ത്യന്‍ കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തി. കാലവര്‍ഷത്തിന്റെ ആദ്യദിവസം പെയ്ത കനത്തമഴയിലും പ്രളയത്തിലും ശ്രീലങ്കയില്‍ 100ലധികം പേരാണ് മരിച്ചത്. 110 പേരെ കാണാതായി. അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നു. തലസ്ഥാനമായ കൊളംബോയിലൂടെ ഒഴുകി ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തുന്ന കെലാനി നദി കരകവിയുമെന്ന് ആശങ്കയുള്ളതിനാല്‍ തീരത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
2003 മേയ് മാസത്തിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വിനാശകാരിയായ പ്രളയമാണിത്. അന്ന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 250 പേര്‍ മരിക്കുകയും പതിനായിരം വീടുകള്‍ തകരുകയും ചെയ്തിരുന്നു. നേരത്തെ പ്രളയം നേരിടാന്‍ ശ്രീലങ്ക അയല്‍രാജ്യങ്ങളുടെയും അന്താരാഷ്ട്രസമൂഹത്തിന്റെയും സഹായം തേടിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ശ്രീലങ്കയില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. മഴയും കാറ്റും തുടരുമെന്നും ചിലയിടങ്ങളില്‍ 150 മില്ലിമീറ്ററോളം മഴപെയ്യാനിടയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2937 കുടുംബങ്ങളെ 69 സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ശ്രീലങ്കന്‍ വ്യോമസേനയും നാവികസേനയും രംഗത്തുണ്ട്. പുരപ്പുറത്ത് കുടുങ്ങിയിരിക്കുന്നവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ നെലുവയില്‍ വനിതാ ഹോസ്റ്റലിനുമേല്‍ മലയിടിഞ്ഞുവീണ് ഏഴു സ്ത്രീകള്‍ മരിച്ചു. രാജ്യത്തിന്റെ തെക്കും കിഴക്കും ഭാഗങ്ങളിലുള്ളവരെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. 20000 പേര്‍ വീടുവിട്ടുപോയതായി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് അറിയിച്ചു.
Post Your Comments