ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍.
ജയ്റ്റ്ലിക്കെതിരായി നടത്തിയ ട്വീറ്റിനെതിരെ നല്‍കിയ അപകീര്‍ത്തി കേസില്‍ കെജ്രിവാളിനുവേണ്ടി ഹാജരാകുന്നതിന് പ്രത്യേക അഭിഭാഷകനെ ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന ഖജനാവില്‍നിന്ന് പണം നല്‍കുന്നത് സംബന്ധിച്ച വിഷയത്തിലാണ് കെജ്രിവാളിനെതിരെ സഞ്ജയ് ജയ്നിന്റെ നിയമോപദേശം . കെജ്രിവാളിനായി മുതിര്‍ന്ന അഭിഭാഷകനായ രാം ജഠ് മലാനിയെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍ നിയമോപദേശം തേടിയത്.
പ്രത്യേക അഭിഭാഷകനെ നിയമിക്കുന്നതിന് പൊതു ഖജനാവില്‍നിന്നുള്ള പണം ഉപയോഗിക്കാന്‍ പാടില്ലെന്ന് നിയമോപദേശം. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരായി കെജ്രിവാള്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട കേസിലാണ് പൊതു പണം ഉപയോഗിച്ച് നിയമസഹായം തേടുന്നതിനെ എതിര്‍ത്തുകൊണ്ട് അസോസിയേറ്റ് സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജയ്ന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ജയ്റ്റ്‌ലിക്കെതിരായി ട്വിറ്ററില്‍ നടത്തിയ പ്രസ്താവന ഒരുവിധത്തിലും അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ടതല്ലെന്നും വ്യക്തിപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പൊതു പണം ചെലവഴിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും ജയ്ന്‍ വ്യക്തമാക്കുന്നു. അതിനാല്‍ ജഠ് മലാനിയെ അഭിഭാഷകനായി നിയമിക്കാന്‍ അനുവാദം നല്‍കരുതെന്നും അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന കാലത്ത് അരുണ്‍ ജെയ്റ്റ്‌ലി അഴിമതി നടത്തിയതായി കെജ്രിവാളും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാരും ആരോപിച്ചിരുന്നു. ഇതിനെതിരായി 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തി കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരാകുന്നതിനാണ് രാം ജഠ് മലാനിയെ നിയോഗിച്ചത്.
ഒരു കോടി രൂപയാണ് ജഠ് മലാനിയുടെ ഫീസ്. കൂടാതെ, ഓരോ തവണ കോടതിയില്‍ ഹാജരാകുന്നതിനും 22 ലക്ഷം രൂപ വീതം വേറെയും നല്‍കണം. ലഫ്. ഗവര്‍ണറുടെ അനുമതിയില്ലാതെ ഇത്രയും തുക നല്‍കി അഭിഭാഷകനെ നിയമിക്കുന്നതിനെതിരെ നിയമ മന്ത്രാലയം നിലപാട് സ്വീകരിച്ചു. തുടര്‍ന്നാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്.
Post Your Comments