മുപ്പത് ലക്ഷം രൂപക്ക് ഒരു വർഗീയ കലാപം . ബിജെപി സർക്കാരിനെ തളർത്താനും രാജ്യത്ത് അസ്ഥിരതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനുമായി എന്തും ചെയ്യാമെന്ന് കരുതുന്നവരാണ് ഇതിന് പിന്നിൽ. ഉത്തർ പ്രദേശിലെ സഹാറൻപൂറിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അതിക്രമങ്ങൾക്കും കലാപങ്ങൾക്കും പിന്നിൽ ആസൂത്രിത നീക്കമെന്ന് വ്യക്തമായതായി സംസ്ഥാന ഭരണകൂടം വ്യക്തമാക്കി. ഒരു രാഷ്ട്രീയ കക്ഷിയാണ് അതിന് പിന്നിൽ പ്രവർത്തിച്ചത്. എന്നാൽ ഏതാണ് പാർട്ടി എന്ന് വ്യക്തമാക്കുന്നില്ല. 30 ലക്ഷം രൂപ അതിനായി അവർ ചിലവിട്ടതായി ഇന്റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവങ്ങൾക്ക് പിന്നിൽ അട്ടിമറി നീക്കമായിരുന്നുവെന്നും രാഷ്ട്രീയ ഗൂഡാലോചന ആയിരുന്നുവെന്നും യുപി ആഭ്യന്തര സെക്രട്ടറി മണിപ്രസാദ് മിശ്ര പറഞ്ഞു. ബിജെപി വിരുദ്ധ പ്രസ്ഥാനങ്ങൾ രാഷ്ട്രീയമായി ഒറ്റപ്പെടുമ്പോൾ, അധികാരം നഷ്ടപ്പെടുമ്പോൾ ഏതറ്റം വരെ പോകുമെന്നതിന് മറ്റൊരു ഉദാഹരണമാണിത്. കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന പ്രതികൾ ആരെന്നു വ്യക്‌തമാണ്. കുറേപ്പേർ ഇതിനകം കസ്റ്റഡിയിലുണ്ട്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് ആഭ്യന്തര സെക്രട്ടറി സൂചന നൽകിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്ന് കരുതപ്പെടുന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ച് കുറെ വിവരങ്ങൾ ചില മാധ്യമങ്ങൾ അടുത്തിടെ പുറത്തുകൊണ്ടുവന്നിരുന്നു.
കഴിഞ്ഞ ഏപ്രിൽ ആദ്യമാണ് സഹാറൻപൂറിലെ ഷാബിർപ്പൂരിൽ സംഘർഷം ഉടലെടുത്തത്. കുറെ വര്ഷങ്ങളായി അവിടെ ചില ചില്ലറ അസ്വാസ്ഥ്യങ്ങൾ നിലനിന്നിരുന്നു. വിവിധ സമുദായങ്ങൾക്കിടയിൽ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. പട്ടികജാതിക്കാർ, താക്കൂർമാർ മുസ്ലിങ്ങൾ എന്നിവരാണ് അവിടെയുള്ളത്. അവിടെ ഏതാണ്ട് 900 -ഓളം താക്കൂർ കുടുംബങ്ങളുണ്ട്. പട്ടികജാതിവിഭാഗത്തിൽ പെട്ടവരുടെ വീടുകൾ ഏതാണ്ട് 600 -ഓളം വരും. കുറെയേറെ മുസ്ലിം കുടുംബങ്ങളും അവിടെയുണ്ട്. അവിടെ ഇവരെല്ലാം തമ്മിൽ ചിലപ്പോഴൊക്കെ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിൽ ആദ്യം അവിടത്തെ രവിദാസ് ക്ഷേത്രത്തിൽ അംബേദ്‌കറുടെ പ്രതിമ സ്ഥാപിക്കുന്നത് താക്കൂർമാർ എതിർത്തുവെന്നാണ് സൂചന. പിന്നീട് കഴിഞ്ഞ ആഴ്ചയിൽ രജ്‌പുത് രാജാവായിരുന്ന മഹാറാണാ പ്രതാപിന്റെ ജന്മദിനാഘോഷത്തിൽ നടക്കാറുള്ള ഘോഷയാത്രക്ക് നേരെ അക്രമവുംനടന്നു. താക്കൂർമാരാണ് ഈ ഘോഷയാത്ര സംഘടിപ്പിച്ചത്. ഈ സംഘർഷത്തിനിടയിൽ മുതലെടുപ്പ് നടത്താൻ മുസ്ലിം സമുദായത്തിലെ ചിലരും ശ്രമം നടത്തി. ഈ പ്രശ്നങ്ങൾ ആദ്യമേ പറഞ്ഞുതീർക്കാൻ പോലീസ് വേണ്ടത്ര കരുതൽ എടുത്തില്ല എന്നതാണ് പ്രധാന പ്രശ്നം. അതു മനസിലാക്കിയാണ് പോലീസ് ഓഫീസർമാരിൽ ചിലരെയൊക്കെ മാറ്റിയതും ചിലർക്കെതിരെ നടപടിക്ക് സർക്കാർ ആലോചിച്ചതും.
കഴിഞ്ഞ ദിവസം സംസ്ഥാന ആഭ്യന്തര സെക്രട്ടറി സ്ഥലത്തെത്തുകയും രണ്ടു വിഭാഗത്തിൽ പെട്ടവരുമായും സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയക്കാർ അവിടെ പ്രവേശിക്കുന്നത് തടഞ്ഞിട്ടുണ്ട്. കേന്ദ്ര സേനയുടെ സേവനവും ലഭ്യമാക്കി. അതിനുശേഷമാണ് കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തേടിയത്. അപ്പോഴാണ് ലക്ഷങ്ങൾ വാരിവിതറിയതിന്റെ തെളിവുകൾ സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചത്.
വിവിധ വിഭാഗക്കാർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവരാരും ഇത്രവലിയ അക്രമത്തിന് മുൻപും തയ്യാറായിട്ടില്ല. ചില്ലറ സംഘര്ഷങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട് എന്നത് എല്ലാവരും സമ്മതിക്കുന്നു. എന്നാൽ എങ്ങിനെയാണ് ഇത്തരത്തിൽ ഒരു കലാപവും അക്രമവും നടന്നത് എന്നത് രണ്ടു വിഭാഗക്കാരെയും അതിശയിപ്പിക്കുന്നു എന്നതാണ് സ്ഥലത്തെത്തിയ മുതിർന്ന സർക്കാർ അധികാരികൾക്ക് ബോധ്യമായത്. ” ഞങ്ങൾ അത് ചെയ്തിട്ടില്ല, ചെയ്യിച്ചിട്ടുമില്ല” എന്ന് രണ്ടുകൂട്ടരും സമ്മതിക്കുകയും ചെയ്യുന്നു. അവിടെ താക്കൂർമാർ ആക്രമണത്തിനിരയായി ; അതിനുപിന്നാലെ പട്ടികജാതിക്കാരുടെ കുറെയേറെ വീടുകൾ തീവെച്ചു നശിപ്പിക്കപ്പെട്ടു. രണ്ടുവിഭാത്തിലും പെട്ട ഓരോരുത്തർ കൊല്ലപ്പെടുന്നു. അതൊക്കെ ചെയ്തത് പുറമെനിന്നും വന്നവരാണ് എന്നതാണ് ആദ്യമായി കണ്ടെത്തിയത്. “ഞങ്ങൾ അങ്ങനെ ചെയ്യില്ല” എന്ന് രണ്ടുകൂട്ടരും പറയുമ്പോൾ അതിൽ എന്തോ ഉണ്ടല്ലോ എന്ന് അധികാരികൾ തിരിച്ചറിഞ്ഞു. അവിടെയാണ് മറ്റു കേന്ദ്രങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിച്ചത്. അപ്പോഴാണ് കലാപ നാളുകളിൽ പലരും പണം വാരിക്കോരി ചിലവഴിച്ചതായി കണ്ടെത്തിയത്. അതിലൊരാളാണ് ഇപ്പോൾ പ്രാഥമിക സൂചനകൾ നൽകിയത്. പണം വന്നത് ഒരു രാഷ്ട്രീയകക്ഷിയിൽ നിന്നാണ് എന്നത്………………. മുപ്പത് ലക്ഷം കിട്ടിയതായി അറിയാമെന്നു പറഞ്ഞതും അയാൾ തന്നെ.
ഇതിൽ മറ്റൊരു തരം താണ രാഷ്ട്രീയവുമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കൊപ്പം നിന്നവരാണ് പട്ടികജാതിക്കാരും താക്കൂർമാരും. അവരെ തമ്മിലടിപ്പിച്ചാൽ ബിജെപി പ്രതിസന്ധിയിലാവുമെന്ന് കരുതിയാവണം ഈ പദ്ധതി തയ്യാറാക്കിയത്. ഈ രണ്ട് വിഭാഗങ്ങൾക്കിടയിലും ആർഎസ്എസിനും ബിജെപിക്കും ശക്തമായ അടിത്തറയുള്ളതിനാൽ കാര്യങ്ങൾ പറഞ്ഞുബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് ഒരു കാര്യം. വീടുകൾ തീവച്ചതും കൊലപാതകവും മറ്റും കുറെയേറെ അകൽച്ചയും വിദ്വേഷവും ഉണ്ടാക്കിയെങ്കിലും അവരെ പഴയപോലെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് സംഘ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നത്.
ഭീം ആർമി എന്നപേരിൽ ഒരു സംഘടന അടുത്തിടെ പ്രവർത്തനം തുടങ്ങിയിരുന്നു. അവരുടെ പിന്നിൽ ആരാണ് എന്നത് സർക്കാർ മനസിലാക്കി. ചില രാഷ്ട്രീയക്കാർ, ചില മുസ്ലിം സംഘടനകൾ എന്നിവരുടെ പങ്കും വ്യക്തമായതാണ്. അതുമായി ബന്ധപ്പെട്ട ചില നീക്കങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പ്രസ്താവനകൾ പുറപ്പെടുവിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരിൽ യുപിയിലെ ചില മുൻ മുഖ്യമന്ത്രിമാരും ഉണ്ടായിരുന്നു. ദൽഹിയിൽ അവർ നടത്തിയ ധർണക്കായി ആളുകളെ എത്തിക്കുന്നതിലും അവർ മുന്കയ്യെടുത്തതാണ്. ഇതൊക്കെ കേന്ദ്ര – സംസ്ഥാന ഏജൻസികൾ പരിശോധിച്ചിരുന്നു. മുപ്പത് ലക്ഷത്തിന്റെ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ കാരണമായത് അതിനിടയിലാണ് .
യുപിയിൽ കഴിഞ്ഞ കാലത്ത് ഗുണ്ടാസംഘങ്ങൾ പലതും അടക്കിവാണിരുന്നു. അവർക്ക് ഭരണകൂടത്തിന്റെ സംരക്ഷണവും ലഭിച്ചതാണ്. മായാവതിയും അഖിലേഷ് യാദവും ആ വിഭാഗക്കാർക്ക് പ്രിയപ്പെട്ടവനായിരുന്നു. എന്നാലിന്ന് അത്തരം സംരക്ഷണമൊന്നും അവർക്കു കിട്ടുന്നില്ല. ശക്തമായ നടപടി പോലീസും ആരംഭിച്ചു. ഇതാണ് രാഷ്ട്രീയക്കാരെയും ഗുണ്ടാസംഘങ്ങളെയും വിഷമത്തിലാഴ്ത്തിയത്. അടുത്തിടെ അക്രമം മാത്രമല്ല ദേശീയപാതയിൽ ഒരു കുടുംബത്തെ തടഞ്ഞുനിർത്തി കൊലപ്പെടുത്താനും സ്ത്രീകളെ ആക്രമിക്കാനും തയ്യാറായതും ഇതേ സംഘങ്ങൾ തന്നെയാണ് എന്നതാണ് പ്രാഥമിക വിലയിരുത്തൽ. ദേശീയ പാതയിൽ ഇപ്പോൾ യുപി പൊലീസിന് പുറമെ കേന്ദ്ര സേനയും പട്രോളിംഗ് നടത്തുന്നുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments