അബുദാബി: ഒരു കമ്പനി ഡ്രൈവറില്‍ നിന്ന് സ്വന്തമായി ഒരു കമ്പനിയുടെ അധിപനായ പ്രവാസി മലയാളിയെ പരിചയപ്പെടാം. ഒരു തനി നാടന്‍ മലയാളി സ്വന്തം പരിശ്രമവും കഴിവും കൊണ്ട് ഉന്നതിയിലെത്തിയതിന്റ ചരിത്രവുമാണ് ഈ കഥ, പാലക്കാട് പട്ടാമ്പിക്കാരന്‍ അലി വേലമുല്ലിയുടെ ജീവിതകഥ.
മദ്രസ വിദ്യാഭ്യാസത്തിനിടെ പഠിച്ച അറബി ഭാഷ ജീവിതത്തില്‍ വന്‍വഴിത്തിരിവിന് സഹായിച്ചതിന്റെ കഥകൂടിയുണ്ട് അലിയുടെ ജീവിതത്തില്‍.
ഏതൊരു സാധാരണ മലയാളിയെയും പോലെ സ്വന്തം ജീവിതത്തേയും കുടുംബത്തേയും രക്ഷപെടുത്തുക എന്ന സാധാരണ സ്വപ്‌നവും പേറിയാണ് 1988 ല്‍ അലി യുഎഇയിലെത്തുന്നത്. ഇന്ന് 29 വര്‍ഷം പ്രവാസ ജീവിതം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു വന്‍ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയായി മാറിയിരിക്കുകയാണ് അദ്ദേഹം.
അജ്‌മാനിലായിരുന്നു അലിയുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. തന്റെ നാട്ടുകാരായ നിരവധിപേരുണ്ടായിരുന്നു അജ്‌മാനില്‍. യുഎഇയില്‍ എത്തിയപ്പോഴേ അവര്‍ പറഞ്ഞു, എത്രയും പെട്ടെന്ന് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍. ലൈസന്‍സ് ഉണ്ടെങ്കില്‍ സെയില്‍സ്‌മാനായി ജോലി നേടാന്‍ വളരെ എളുപ്പം. ലൈസന്‍സിനായി പിന്നെ പരിശ്രമം. ഇതിനിടെയില്‍ ചെറിയ ജോലികളും ചെയ്‌തു. ഒടുവില്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്ന കടമ്പ കടന്നു. യുഎഇ ലൈസന്‍സായി. ലൈസന്‍സ് നേടിയതോടെ അല്‍ഐയ്‌നിലെ തന്റെ മൂത്ത സഹോദരന്‍ ജോലി ചെയ്‌തിരുന്ന കമ്പനിയില്‍ ഡ്രൈവറായി ജോലിക്ക് ചേര്‍ന്നു.
തുടര്‍ന്ന് നാട്ടിലെത്തി വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ആറുമാസത്തോളം നാട്ടില്‍തന്നെ ചെലവഴിച്ചു. യുഎഇ ലൈസന്‍സുള്ളയാള്‍ക്ക് നാട്ടില്‍ ഡ്രൈവര്‍ ജോലി ലഭിക്കുക എത്രയോ നിസാരമാണ്. അങ്ങനെയാണ് നാട്ടില്‍ ആറുമാസം നിന്നത്.
പിന്നെ വീണ്ടും തിരിച്ച് യുഎയിലേക്ക്. സുഹൃത്ത് വഴി അറിഞ്ഞ പ്രൈവറ്റ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് കമ്പനിയില്‍ ഡ്രൈവറായി ജോലിക്ക് കയറി. ആ കമ്പനയില്‍ ഡ്രൈവറായിരിക്കെയാണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ ആ സംഭവം നടന്നത്. ഒരു വൈകുന്നേരം കമ്പനിയിലുണ്ടായിരുന്ന അറബി പത്രം വായിക്കുകയായിരുന്ന അലിയോട് കമ്പനി ഉടമ അറബിപത്രം വെറുതെ പിടിച്ചു നോക്കുന്നതെന്തിന് വായിക്കാനറിയുമോ എന്ന് ചോദിച്ചു. തനിക്ക് അറബി വായിക്കാനും എഴുതാനും അറിയാമെന്ന അലിയുടെ മറുപടി മുതലാളിയെ അതിശയിപ്പിച്ചു. മദ്രസ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നന്നായി അലി അറബി സ്വായത്തമാക്കിയിരുന്നു.
കമ്പനിയില്‍ ജോലിക്ക് സമര്‍പ്പിച്ച ബയോഡാറ്റയില്‍ അറബി പ്രാവിണ്യം എന്തുകൊണ്ട് സൂചിപ്പിച്ചില്ല എന്ന് തൊഴിലുടമ അലിയോട് ചോദിക്കുകയും ചെയ്‌തു. അങ്ങനെ ആ കമ്പനിയുടെ പിആര്‍ഓ ആയി അലി ഉയര്‍ത്തപ്പെട്ടു. സ്വതവേ പരിശ്രമശാലിയായിരുന്ന അലിക്ക് കമ്പനിയുടെ പിആര്‍ഓ എന്ന നിലയിലുള്ള ജോലി കൃത്യമായും കാര്യപ്രാപ്‌തിയോടെയും ചെയ്യാന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നില്ല. ആ ജോലിയിലിരുന്നുള്ള പരിചയവും കൂടുതല്‍ ബന്ധങ്ങളും ഒടുവില്‍ സ്വന്തം കമ്പനി എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അലിയെ എത്തിച്ചു.
അങ്ങനെ 2011 -ല്‍ അലി മിസ്റ്റര്‍ ക്ലീന്‍ എന്ന പേരില്‍ ഡ്രൈ ക്ലീനിംഗ് കമ്പനി ആരംഭിച്ചു. നിലവില്‍ യുഎഇയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയായിരുന്നു അത്. സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആ കമ്പനിയുടെ ബ്രാന്‍ഡ് നെയിമന്റെ മൂല്യം തിരിച്ചറിഞ്ഞ അലി 10 ലക്ഷം ദിര്‍ഹം കൊടുത്താണ് കമ്പനിയുടെ ബ്രാന്‍ഡ് നെയിം വാങ്ങിയത്. കമ്പനിയുടെ മറ്റ് വസ്‌തുവകകള്‍ക്കെല്ലാം കൂടി മറ്റൊരു 20 ലക്ഷം ദിര്‍ഹവും നല്‍കേണ്ടിവന്നു. തന്റെ വീട് അടക്കമുള്ള സകല സ്വത്തുവകകളും വിറ്റാണ് ഈ തുകഅലി കണ്ടെത്തിയത്. 10 സ്ഥലത്താണ് സ്ഥാപനത്തിന് ഷോപ്പുകളുണ്ടായിരുന്നത്. ഇപ്പോള്‍ 13 ബ്രാഞ്ചുകളായി, നൂറിലധികം ജീവനക്കാരും.
ഇതിനിടെ 1999 -ല്‍ ഡിഗ്രി പാസായി. പിന്നീട് ബ്രിട്ടീഷ് കൗണ്‍സിലിന്റെ 28 മാസത്തെ ലാംഗേജ് കോഴ്‌സും പൂര്‍ത്തിയാക്കി. ഇപ്പോള്‍ 47 ാം വയസില്‍ ഗ്ലോബല്‍ എംബിഎ കോഴ്‌സിന് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുകയാണ് അലി. പഠനം ജീവതാവസാനം വരെ നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയ ആണല്ലോ… – അലി പറയുന്നു.
Post Your Comments