തിരുവനന്തപുരം: കേരളത്തിലെ ഭരണത്തെ ചെകുത്താന് ഭരണമെന്ന് വിശേഷിപ്പിച്ച് യുവമോര്‍ച്ച ദേശീയ അധ്യക്ഷ പൂനം മഹാജന്. ഭരിച്ച് ഭരിച്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ സി.പി.എം ചെകുത്താന്റെ നാടാക്കി മാറ്റിയെന്ന് പറഞ്ഞ് അവര്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചു.
കേരളത്തിലെ ചുവപ്പ് ഭീകരത എന്ത് വിലകൊടുത്തും അവസാനിപ്പിക്കുമെന്നും അന്ധനായ മുഖ്യമന്ത്രി പിണറായി വിജയന് സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ കാണുന്നില്ലെന്നും പൂനം മഹാജന് കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഏകദിന സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെടുന്നത് കേരളത്തില്‍ ഇതുവരെ നടന്ന സി.പി.എം അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും പൂനം മഹാജന് പറഞ്ഞു.
കേരളത്തില്‍ പീഡന ഭരണമാണ് നടക്കുന്നത്. രാജ്യത്തെ മുഴുവന്‍ യുവമോര്‍ച്ച, ബിജെപി നേതാക്കളും പ്രവര്‍ത്തകരും പിന്തുണയുമായി കേരളത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ട്. ഒരു വര്‍ഷം കൊണ്ട് ഇത്രയേറെ ജനങ്ങളെ വെറുപ്പിച്ച സിപിഎമ്മിനെ ഭരണത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയുമെന്നും പൂനം കൂട്ടിച്ചേര്‍ത്തു.
Post Your Comments