ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്തിയെന്ന പാകിസ്ഥാന്റെ വാദം പൊള്ളയാണെന്ന് തെളിഞ്ഞു. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ക്കുന്നതെന്ന പേരില്‍ പാകിസ്ഥാന്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമെന്ന് സൈന്യം സ്ഥിരീകരിച്ചു.
നൗഷേരയിലെ സൈനിക പോസ്റ്റ് തകര്‍ക്കുന്നതെന്ന പേരില്‍ പാകിസ്ഥാന്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പുറത്തുവിട്ട വീഡിയോയാണ് വ്യാജമെന്ന് തെളിഞ്ഞത്. പീരങ്കികൊണ്ടുള്ള ആക്രമണത്തില്‍ ഉണ്ടാകുന്ന തരത്തിലുള്ള സ്‌ഫോടനമല്ല ദൃശ്യങ്ങളില്‍ കാണുന്നതെന്നും, എന്നാല്‍ ബോംബാക്രമണത്തില്‍ ഉണ്ടാകുന്ന സ്‌ഫോടനമാണ് വീഡിയോയില്‍ ഉള്ളതെന്നും സൈനിക വക്താവ് പറഞ്ഞു. കൂടാതെ വീഡിയോയില്‍ എഡിറ്റിംഗ് മാര്‍ക്കുകളു കണ്ടെത്തിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ക്കുന്ന വീഡിയോ പാകിസ്ഥാന്‍ പുറത്തുവിട്ടത്. നിയന്ത്രണരേഖയില്‍ നൗഷേരയിലെ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചു എന്നായിരുന്നു പാക് സൈന്യത്തിന്റെ അവകാശവാദം. ഇതിനെ സാധൂകരിക്കാനായാണ് 87 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പാക് സൈന്യത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. സിവിലിയന്‍മാരെ ആക്രമിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചടി എന്ന പേരിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെ തള്ളിയാണ് ഇന്ത്യന്‍ സൈന്യം രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ നടത്തുന്ന വെടിവയ്പും ആക്രമണവും അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും മുതിര്‍ന്ന സൈനിക വക്താവ് വ്യക്തമാക്കി.
Post Your Comments