ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയായി പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മുന്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍. ഇന്ത്യക്കാരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ ജാദവിനെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍നിന്ന് അറസ്റ്റ് ചെയ്തെന്നും ഇയാള്‍ പാകിസ്താനില്‍ ചാരപ്രവര്‍ത്തനം നടത്തിവന്നിരുന്നതായും പാകിസ്താന്‍ ആരോപിച്ചിരുന്നു.
ഈ കുറ്റങ്ങളുടെ പേരിലാണ് ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ ഇതിനെതിരെയാണ് ഐഎസ്‌ഐയുടെ മുന്‍ ഓഫീസര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. കുല്‍ഭൂഷണ്‍ ജാദവിനെ പിടികൂടിയത് ഇറാനില്‍നിന്നാണെന്നാണ് മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥനായ അജ്മദ് ഷൊയബ് വെളിപ്പെടുത്തില്‍.
എന്നാല്‍ ബിസിനസ് നടത്തിയിരുന്ന ജാദവ് ഇറാനിലായിരുന്നു ഉണ്ടായിരുന്നതെന്നും അവിടെനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു ഇന്ത്യ വാദിച്ചിരുന്നത്. ഈ വാദത്തെ സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര കോടതിയിലെ അടുത്ത വാദത്തില്‍ ഷൊയബിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യ ഉന്നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments