പിണറായി വിജയൻ സർക്കാരിന് എന്നും തലവേദനയാവുന്നത് പ്രതിപക്ഷ കക്ഷികളല്ല മറിച്ച് സ്വന്തക്കാരാണ്. ചെന്നിത്തലയുടെ നേതൃത്വത്തിലെ പ്രതിപക്ഷം ഏതാണ്ടൊക്കെ മരവിച്ച മട്ടാണ് . പ്രതിപക്ഷത്തിന്റെ റോളിൽ ഇവിടെ ഇന്നിപ്പോൾ എന്തെങ്കിലും ചെയ്യുന്നത് കുമ്മനമാണ്, ബിജെപിയാണ്. മുഖ്യമന്ത്രിയുടെ പാർട്ടിയുടെ സ്വന്തക്കാരുടെ ഇടപെടലുകൾ തലവേദനകൾ അടുത്തിടെ പോലും പലവട്ടം കാണുകയുണ്ടായി. ഇപ്പോഴിതാ സർക്കാർ അതിന്റെ ഒന്നാം വാർഷികത്തിന് ഒരുങ്ങുമ്പോഴും പ്രശനമാവുന്നത് സ്വന്തക്കാർ തന്നെ. ഞാൻ സൂചിപ്പിച്ചത് ഇന്ന് വിഎസ് അച്യുതാനന്ദൻ നടത്തിയ പ്രസ്താവനയാണ്. വിഴിഞ്ഞം കരാറിൽ കുഴപ്പമുണ്ട്, തട്ടിപ്പാണ്, അതിൽ അഴിമതിയാണ് …… കരാർ മാറ്റുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ പാലിക്കാൻ തയ്യാറായിട്ടില്ല, അതിനു വേണ്ടത് ചെയ്യണം ……………. ഇതാണ് ഇന്ന് വിഎസ് പ്രസ്താവിച്ചത്. അതിന് ആ മുതിർന്ന സിപിഎം നേതാവ് നിയമസഭ തന്നെ തിരഞ്ഞെടുത്തു എന്നതും പ്രധാനമാണ്. “ഈ സർക്കാരിന്റെ കാലത്ത് എന്തെങ്കിലും അഴിമതി നടന്നതായി പറയാമോ” എന്ന് പിണറായി ചോദിച്ചത് മിനിയാന്നാണ്. “അതിന് മറുപടിയില്ല” എന്ന് രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനത്തോട് പ്രതികരിക്കവേ ഇന്നലെ മുഖ്യമന്ത്രി പറയുകയും ചെയ്തു. പക്ഷെ ഇന്നിപ്പോൾ അതിനുള്ള മറുപടിയുമായി വന്നത് സാക്ഷാൽ വിഎസ് തന്നെ. ഈ സർക്കാരിന്റെ കാലത്ത് അഴിമതി നടന്നു എന്നതല്ലേ ഇന്ന് വിഎസ് പറഞ്ഞതിന്റെ വരികൾക്കിടയിലുള്ള അർഥം?. പിണറായി ശ്രദ്ധിക്കേണ്ടത് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെയല്ല, കുമ്മനത്തെയുമല്ല മറിച്ച് സ്വന്തം കൂടാരത്തിലാണ് എന്നതല്ലേ ഇത് കാണിച്ചുതരുന്നത്?.
വിഎസ് ഇടയ് ക്കൊക്കെ അതുമിതും പറയാറുണ്ട്. പക്ഷെ അദ്ദേഹം ഇതുവരെ നിയമസഭയിൽ ഇതുപോലൊന്നും, ഇക്കഴിഞ്ഞ ഒരു വർഷക്കാലത്ത്, പറഞ്ഞതായി തോന്നുന്നില്ല. തനിക്ക്, ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാന് , കയറിയിരിക്കാൻ ഒരു ഇരിപ്പിടം കിട്ടിയില്ലെന്ന് പറഞ്ഞുനടന്നപ്പോഴും ഇത്തരത്തിൽ ആരോപണമൊന്നും നടത്തിയില്ല. ഇതിപ്പോൾ ഒരു പുതിയ തുടക്കമാണ്. സിപിഐ പലപ്പോഴും കടുത്ത വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്, പ്രത്യേകിച്ചും അവരുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഈ സർക്കാരിനെ ഇതുപോലെ ആക്രമിച്ച മറ്റൊരു നേതാവ് ഉണ്ടാവും എന്ന് തോന്നുന്നില്ല. പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു വർഷം നന്നായി എന്ന് പറഞ്ഞില്ലെങ്കിലും മോശമായില്ല എന്ന് പറയാമായിരുന്നു കാനത്തിന്. പക്ഷെ അദ്ദേഹം കഴിഞ്ഞദിവസം മൊഴിഞ്ഞത് , ‘അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ് ‘ എന്നാണ്. അതുപോലെ എന്തെല്ലാം. മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിൽ യോജിപ്പാണ് എല്ലാവർക്കും എന്ന് പറയുമ്പോഴും അവിടെ ഒരു ഭിന്നത മറനീക്കി പുറത്തുവന്നത് കാണാതെപോകാനാവുമോ കേരളത്തിന്?. അതിനെയൊക്കെ കടത്തിവെട്ടുന്നതായി വിഎസിന്റെ ഇന്നത്തെ പ്രസ്താവന.
ഇന്നിപ്പോൾ നിയമസഭയിൽ വിഎസ് ആക്ഷേപിച്ചത് യുഡിഎഫിനെയും ഉമ്മൻ ചാണ്ടിയെയുമാണ് എന്നത് വേണമെങ്കിൽ പറയാം. പക്ഷെ അത് ചെന്നുകൊണ്ടത് ഇന്നത്തെ ഭരണകർത്താക്കളിലാണ് എന്നാർക്കെങ്കിലും സംശയമുണ്ടാവും എന്ന് തോന്നുന്നില്ല. അന്നത്തെ കരാർ മാറ്റിയെഴുതും എന്ന് എൽഡിഎഫ് പറഞ്ഞിരുന്നു. എന്നാൽ ഒന്നും നടന്നില്ല. മാത്രമല്ല, വിഎസിന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ, അദാനിയുമായി ചേർന്ന് മുന്നോട്ടുപോകുകയാണ് കേരളസർക്കാർ ചെയ്യുന്നത് എന്നതോന്നലുമുണ്ടായി. അതായത് യുഡിഎഫിന്റെ കാലത്തെ പ്രശ്നങ്ങൾ, തട്ടിപ്പുകൾ, കാണാനോ തിരുത്താനോ ഈ സർക്കാർ തയ്യാറായില്ല എന്ന്. ഇവിടെ ഒരു അഴിമതിയുമില്ലായിരുന്നു എന്നതിന് അച്യുതാനന്ദൻ നൽകുന്ന മറുപടിയാണ് അതെന്നാണ് എനിക്ക് തോന്നിയത്. അതുമാത്രമല്ല, കാര്യങ്ങൾ ഇത്രയൊക്കെയായ സ്ഥിതിക്ക് അദാനിയുടെ കരാർ മാറ്റാനും മറ്റും കഴിയുമോ എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു. ഇവിടെ ഒരു കാര്യം കൂടിയുണ്ട്. എന്തുകൊണ്ടാണ് വിഎസ് ഇത് പാർട്ടി ഫോറത്തിൽ പറയാതിരുന്നത്?. അവിടെ ഉന്നയിക്കാമായിരുന്നല്ലോ അദ്ദേഹത്തിന്. എന്നിട്ടും പരിഹാരമായില്ലെങ്കിൽ ഇതുപോലെ പുറത്തോ സഭയിലോ പറയാം…… ………. അതോ പാർട്ടിയിൽ നേരത്തെ പറഞ്ഞുവെന്നും എന്നിട്ടു പരിഹാരം ഉണ്ടാവാത്തതിനാലാണ് നിയമസഭയിൽ ഇത്തരത്തിൽ ഒരു നീക്കം നടത്തിയത് എന്നുമാണോ കരുതേണ്ടത്?. എന്തായാലും ഇത് പിണറായിക്കുള്ള വ്യക്തമായ ഒരു സൂചന തന്നെയാണ് എന്നതിൽ സംശയമില്ല. ഇവിടെ ഒന്നുകൂടി കാണേണ്ടതുണ്ട്. വിഎസ് ഉന്നയിച്ച വിഷയത്തിൽ എന്തെങ്കിലും വ്യക്തത വരുത്താൻ സർക്കാരിന് ഇന്നായില്ല എന്നതാണത്. ‘അത് ശരിയാണ്, പരിശോധിക്കുന്നുണ്ട്, വേണ്ടത് ചെയ്യും’ എന്ന് ബന്ധപ്പെട്ട മന്ത്രി പറഞ്ഞിരുന്നുവെങ്കിലും മതിയായിരുന്നു. അതുമുണ്ടായില്ല. കടന്നപ്പള്ളി രാമചന്ദ്രനാണ് വകുപ്പ് മന്ത്രി. അദ്ദേഹത്തിന് പറയാൻ കഴിയാത്തതാണോ അതോ സിപിഎം നിലപാട് എന്താണ് എന്ന് മന്ത്രിക്ക് അറിയാം എന്നതുകൊണ്ടാണോ ആവൊ .
വിഎസിന്റെ ആക്ഷേപം ഉയരുന്നതിന് മുൻപാണ് തലസ്ഥാന നഗരിക്കടുത്ത് ഒരാൾ കൂടി തെരുവ് നായയുടെ കടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രിയാണ് കടലോരത്ത് കിടന്നിരുന്നയാളെ നായകൾ കടിച്ചുകീറിയത്. ജോസ് ഫ്രാങ്ക്ളിൻ ആണ് മരണമടഞ്ഞത്. അയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവിടെ ഇതാദ്യ സംഭവമല്ല. അവിടെത്തന്നെ, ഏതാണ്ട് പത്ത് മാസം മുൻപ് , മറ്റൊരാൾ ഇതുപോലെ മരിച്ചതാണ്. അന്ന് കുറെ വാഗ്ദാനങ്ങൾ സർക്കാർ നൽകി. പക്ഷെ ഒന്നും നടന്നില്ല. നിന്നപ്പോൾ വീണ്ടും കുറെ വാഗ്ദാനങ്ങൾ,………. പദ്ധതികൾ……….. നടപടികൾ, ഒക്കെ മന്ത്രിമാരും മറ്റും പ്രഖ്യാപിക്കുന്നത് കേട്ടു. ഇത് ഒറ്റപ്പെട്ട സംഭവമാണ് എന്ന് പറയാമെന്നു തോന്നുന്നില്ല. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ, പലയിടത്തും. ഇവിടെ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റും വേണ്ടത് വേണ്ടപോലെ ചെയ്യുന്നില്ല എന്നതാണ് കാരണം. തെരുവുനായയെ പേടിച്ചു കഴിഞ്ഞുകൂടാൻ കഴിയാത്ത നാടായി കേരളം മാറി എന്ന് പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ആക്ഷേപിക്കാൻ വഴിയൊരുക്കണമായിരുന്നോ എന്നത് ചിന്തിക്കേണ്ടതല്ലേ?. ഒരു മന്ത്രിസഭയുടെ കുഴപ്പമാണോ ഇതെന്ന് ചോദിക്കാം. ശരിയാണ്, മന്ത്രിയാണ് ഇതൊക്കെ ചെയ്യേണ്ടത് എന്നാരും പറയില്ല. പക്ഷെ താഴെത്തട്ടിൽ നടക്കേണ്ടതൊന്നും നടക്കുന്നില്ല എന്നതല്ലേ ഇത് കാണിക്കുന്നത്?.
ഇതിനെല്ലാമൊപ്പമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിലെത്തിയ സംസ്ഥാന ആരോഗ്യമന്ത്രി പരസ്യമായി നടത്തിയ വിമർശനങ്ങളെ ചേർത്തുവെക്കേണ്ടത്. ഡെങ്കി പനി പടർന്നുപിടിക്കുന്ന വേളയിലാണ് മന്ത്രി സെക്രട്ടറിയേറ്റിന് തൊട്ടുള്ള ജനറൽ ആശുപത്രിയിലെത്തിയത്. എന്തൊക്കെയാണ് അവിടെ കണ്ടത്……… ലജ്ജിപ്പിക്കുന്ന കാര്യങ്ങൾ. വൃത്തിഹീനം എന്ന് പറഞ്ഞാൽ പോരാ. അതിനിടയിൽ മദ്യക്കുപ്പികളുടെ ശേഖരവും…………. രോഗികൾ തറയിലാണ് കിടക്കുന്നത്. മന്ത്രി എത്തുമ്പോഴും ഡോക്ടർമാർ അടക്കമുള്ള പലരും എത്തിയിട്ടില്ല. കുത്തഴിഞ്ഞ സമ്പ്രദായം, നാഥനില്ലാത്ത സംവിധാനം. ആരോഗ്യ മന്ത്രി നടത്തിയ സന്ദർശനത്തെയും അവരുടെ കടുത്ത വാക്കുകളെയും വിമർശിക്കാനല്ല; അത്രയുമെങ്കിലും ആ മന്ത്രിയായിട്ട് നടന്നു എന്നത് നല്ലതുതന്നെ. പക്ഷെ എന്താണ് ഇങ്ങനെ കാര്യങ്ങൾ പോകുന്നത്?. അതിനുതൊട്ടുമുൻപാണ് ആരോഗ്യവകുപ്പ് സെക്രട്ടറി തിരുവനന്തപുരം കോർപ്പറേഷനെ ആക്ഷേപിച്ചുകൊണ്ട് ഡെങ്കി വിവാദത്തിൽനിന്ന് തലയൂരാൻ ശ്രമിച്ചത് എന്നതോർക്കുക. കോപ്പറേഷൻ ഭരിക്കുന്നതും സിപിഎം തന്നെയാണല്ലോ. ഇതും ഒന്നാം വാർഷികാചരണത്തിന്റെ ശോഭ കെടുത്തും എന്നതിൽ തർക്കമില്ല. ഡെങ്കി പനിയെതുടർന്ന് കേരളത്തിൽ അടുത്തദിവസങ്ങളിൽ മരിച്ചവരുടെ എണ്ണം 68 ആണ് എന്ന് പത്രങ്ങളിൽ കണ്ടു. ഇത് ആശാസ്യമാണോ ?
ഇതിനൊക്കെയൊപ്പം ചേർത്തുവെച്ചുവായിക്കേണ്ടതാണ്, ഇന്ന് കണ്ട മറ്റൊരു വാർത്ത. മഞ്ചേരി മെഡിക്കൽ കോളേജിലെ ദുരവസ്ഥയാണ്. അത്യാവശ്യ ശസ്ത്രക്രിയക്ക് പോലും കഴിയാത്ത അവസ്ഥയാണത്രെ അവിടെയുള്ളത്. അടിയന്തരമായി എന്തെങ്കിലും ശസ്ത്രക്രിയ വേണമെങ്കിൽ രക്ഷയില്ല എന്ന അവസ്ഥ. പൊതു ആരോഗ്യ പരിചരണ നിലയിൽ അഭിമാനം കൊള്ളുന്ന നമുക്ക് പൊറുക്കാനാവുന്നതാണോ ഇതൊക്കെ ?. ശരിയാണ്, യുഡിഎഫിന്റെ കാലത്ത് സാഹചര്യം, സൗകര്യം തുടങ്ങിയവ നോക്കാതെ മെഡിക്കൽ കോളേജുകൾ തുടങ്ങിയത് നമുക്കൊക്കെയറിയാം. അതിന്ന് കേരളത്തിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്ന സ്ഥിതിയിലേക്ക് എത്തിയാലോ?.
ഇതൊക്കെ ഒന്നാം വാർഷികാചരണത്തിന്റെ ഇടയിൽ ഉയർന്നുവരുന്നത് ഒരു സർക്കാരിന് വലിയ ദോഷം തന്നെയാണ് . കണ്ണൂരിലെ അക്രമങ്ങൾ, പൊലീസിലെ പ്രശ്നങ്ങൾ എന്നിവ സിപിഎമ്മിനേയും സർക്കാരിനെയും കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഇവിടെയും നാം കാണേണ്ടത് യഥാർഥ കാരണക്കാർ സിപിഎം അല്ലെങ്കിൽ അതിലെ ഘടകങ്ങൾ തന്നെയാണ് എന്നതാണ്. സെൻ കുമാർ വിവാദം എവിടെ എങ്ങിനെയെത്തി എന്നത് നാമൊക്കെ കണ്ടു. അദ്ദേഹം ഡിജിപിയായി സ്ഥാനമേറ്റശേഷം ലീവിൽ പോകുന്നതായിരുന്നു നല്ലതു് . ഇന്നിപ്പോൾ നാണം കേടുകയാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ. ഒരു ജൂനിയർ സുപ്രണ്ടിനെ പോലും ഒരു കസേരയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ കഴിയാതെ ഡിജിപിയായി തുടരുക എന്നാൽ……… ‘ഡിജിപിയുടെ സ്വാതന്ത്ര്യ’വും കേരളത്തിലെ ഈ സർക്കാരിന്റെ ഒന്നാം വാര്ഷികാഘോഷവേളയിൽ അതും ചിന്തയിൽവരും.
കേരളം ശ്രദ്ധിക്കപ്പെടുന്നതും അറിയപ്പെടുന്നതും ‘ ദൈവത്തിന്റെ സ്വന്തം നാട് ‘ എന്നാണ്. വിനോദസഞ്ചാര മേഖലയിൽ നാമുണ്ടാക്കിയ നേട്ടങ്ങൾ അത്രയേറെയുണ്ട്. അതിഥിയെ ദേവനായി കണ്ടു സ്വീകരിക്കാൻ നാം തയ്യാറായതിന്റെ ഫലം കൂടിയാണത് ; ‘അതിഥി ദേവോ ഭവ’ എന്ന ചിന്തയോടെ. എന്നാൽ ഇന്നിപ്പോൾ അതിനെയൊക്കെ ബാധിക്കുന്നതാണ്, അലട്ടുന്നതാണ്, ഡെങ്കിയും തെരുവ് നായ്ക്കളും മറ്റും. കടലോരത്തിന്റെ മനോഹാരിത നമ്മുടെ നാടിന്റെ പ്രത്യേകതയായിരുന്നു. അവിടെയാണിന്ന് തെരുവുനായ്ക്കൾ വിലസുന്നത്. വൃത്തിഹീനമായ കടലോരങ്ങൾ ആണ് മറ്റൊന്ന്. ഇതൊക്കെ ഒന്ന് മാറണ്ടേ, മാറ്റണ്ടേ?. നരേന്ദ്ര മോഡി സർക്കാർ ‘ സ്വച്ഛ ഭാരത് അഭിയാന് ‘ തുടക്കമിട്ടപ്പോൾ അദ്ദേഹത്തെ കളിയാക്കിയവരാണ് കേരളത്തിലെ സുഹൃത്തുക്കൾ. കക്കൂസും മാലിന്യവുമൊക്കെ ഇവിടെ പ്രശ്നമല്ല എന്ന് നാമൊക്കെ അന്ന് അവകാശപ്പെടുകയും ചെയ്തു. കേരളത്തിനുകൂടി വേണ്ടിയാണ് ‘ സ്വച്ഛ ഭാരത് അഭിയാന് ‘ ആരംഭിച്ചത് എന്നത് ഇന്നെങ്കിലും ചിന്തിച്ചാൽ നന്നായി. ആ പദ്ധതിക്ക് കേന്ദ്രത്തിൽനിന്നുള്ള സഹായം പറ്റുകയും വേറെ ചില പേരുകളിൽ പ്രയോജനപ്പെടുത്തുകയുമാണ് കേരളം ചെയ്തത്. എന്നിട്ടും എവിടെയെത്തി?. ആഴത്തിൽ ചിന്തിക്കാൻ ഇത് നമ്മെയെല്ലാവരെയും പ്രേരിപ്പിക്കുമെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഒന്നാം വാർഷികത്തെക്കുറിച്ചുള്ള അവലോകനമല്ല ഇത്. ഒന്നുരണ്ട് സംഭവങ്ങൾ കേട്ടപ്പോൾ കണ്ടപ്പോൾ അതൊക്കെ ഈ വാർഷികത്തിന്റെ സ്മരണയിലേക്ക് നയിക്കുകയായിരുന്നു. ഇടുക്കിയിൽ കുടിയേറ്റക്കാർക്ക് പട്ടയം നൽകിക്കൊണ്ട് പ്രതിച്ഛായ നന്നാക്കൽ പ്രക്രിയയിൽ അകപ്പെടുമ്പോഴാണ് വിഎസിന്റേയും തെരുവ് നായയുടെയും ഡെങ്കിയുടെയും രൂപത്തിലും ഭാവത്തിലും ഓരോന്ന് പിണറായി സർക്കാരിനെ വേട്ടയാടുന്നത് എന്നതോർപ്പിക്കുക മാത്രമാണ് ലക്ഷ്യം
Post Your Comments