Latest NewsNewsIndia

ട്രെയിന്‍ യാത്രക്കാര്‍ക്ക് വമ്പിച്ച മണ്‍സൂണ്‍ ഓഫറുമായി ഐ.ആര്‍.സി.ടി.സി

ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രക്കാര്‍ക്ക് മണ്‍സൂണില്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച് ഐ.ആര്‍.സി.ടി.സിയും രംഗത്ത്. അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ മഹാരാജാസ് എക്‌സ്പ്രസില്‍ കൂടുതല്‍ ഓഫറുകളുമായി ഐ.ആര്‍.സി.ടി.സി. എട്ടു ദിവസം നീളുന്ന മുഴുവന്‍ പാക്കേജില്‍ ഒരാളുടെ ടിക്കറ്റ് നിരക്കില്‍ രണ്ടു പേര്‍ക്കു യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന പ്രത്യേക മണ്‍സൂണ്‍ ഓഫറിനു പുറമേ ഒരു ദിവസം നീളുന്ന ഭാഗിക യാത്രകള്‍ക്കുള്ള അവസരവും ലഭിക്കുമെന്നു ഐ.ആര്‍.സി.ടി.സി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ എസ്.എസ്.ജഗന്നാഥന്‍ അറിയിച്ചു. അഞ്ചുലക്ഷം രൂപയുടെ ഫുള്‍ പാക്കേജിലാണു രണ്ടാമത്തെ യാത്രികനു ടിക്കറ്റ് വേണ്ടാത്തത്.

ഭാഗികമായ യാത്രകളില്‍ ഒരു ദിവസത്തേക്കു 36,243 രൂപയ്ക്കു ഒരാള്‍ക്കു യാത്ര ചെയ്യാം. ചരിത്രത്തിലാദ്യമായാണു മഹാരാജാസ് എക്‌സ്പ്രസില്‍ ഭാഗികയാത്ര അനുവദിക്കുന്നത്. ചിലവേറിയ യാത്ര സാധാരണക്കാര്‍ക്കു കൂടി ലഭ്യമാക്കാനാണു ഭാഗിക യാത്രാസൗകര്യം ഒരുക്കിയത്. രണ്ടു പേര്‍ക്കുള്ള ഡീലക്‌സ് കാബിനിലാണു ടിക്കറ്റ് ലഭിക്കുക. കാബിനില്‍ ഒറ്റയ്ക്കു യാത്ര ചെയ്യണമെങ്കില്‍ 55,000 രൂപയോളം നല്‍കണം.
മികച്ച യാത്രാനുഭവം, ഭക്ഷണ വൈവിധ്യം, അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേക കലാപരിപാടികള്‍ എന്നിവയാണു മറ്റു ടൂറിസ്റ്റ് ട്രെയിനുകളില്‍ നിന്നു മഹാരാജാസ് എക്‌സ്പ്രസിനെ വ്യത്യസ്തമാക്കുന്നത്. സ്വീകരണ മുറികള്‍, വിശ്രമ മുറികള്‍, റെസ്റ്ററന്റുകള്‍, ബാറുകള്‍, വിസ്തൃതമായ കാബിന്‍, കിടക്കകള്‍ എന്നിവയാണു ട്രെയിനിനുള്ളിലെ പ്രധാന ആകര്‍ഷണങ്ങള്‍.
ഡീലക്‌സ് കാബിന്‍, ജൂനിയര്‍ സ്വീറ്റ്, സ്വീറ്റ്, പ്രസിഡന്‍ഷ്യല്‍ സ്വീറ്റ് എന്നിങ്ങനെയാണു മുറികള്‍. ജൂലൈ ഒന്നിന് തിരുവനന്തപുരത്തുനിന്നു യാത്ര തിരിച്ചു ചെട്ടിനാട്, മഹാബലിപുരം, മൈസൂരു, ഹംപി, ഗോവ വഴി ട്രെയിന്‍ മുംബൈയിലെത്തും.

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എസി വാഹനങ്ങളില്‍ ഗൈഡഡ് ടൂറുകളും കള്‍ച്ചറല്‍ ഷോകളുമുണ്ടാകുമെന്നു റീജനല്‍ മാനേജര്‍ ശ്രീകുമാര്‍ സദാനന്ദന്‍, സാം ജോസഫ് എന്നിവര്‍ അറിയിച്ചു. സെപ്റ്റംബര്‍ 16നാണ് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ട്രിപ്പ്. ഫോണ്‍: 9746740586, ഇമെയില്‍ prajith@irctc.com, വെബ്‌സൈറ്റ്: www.irctctourism.com.

shortlink

Post Your Comments


Back to top button