Latest NewsNewsIndiaTechnology

നാസയും ഐ.എസ്.ആർ ഒയും ഒന്നിക്കുന്നു

ന്യൂഡല്‍ഹി: നാസയും ഐസ്‌ആര്‍ഒയും സംയുക്തമായി ഉപഗ്രഹം നിര്‍മ്മിക്കുന്നു. ഭൗമനിരീക്ഷണത്തിനു വേണ്ടിയാണ് ലോകത്തെ രണ്ട് മുന്‍നിര ബഹിരാകാശഗവേഷണ സ്ഥാപനങ്ങൾ ഒന്നിക്കുന്നത്. നാസ-ഐസ്‌ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ( NASAISRO Synthetic Aperture Radar ) സാറ്റലൈറ്റ് അഥവാ ‘നിസാര്‍’ ( NISAR ) എന്നാണ് ഈ പദ്ധതിയുടെ പേര്.

വിവിധ രാജ്യങ്ങള്‍ ഭൂമിയെ നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി നൂറു കണക്കിന് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. പക്ഷെ ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരിക്കും നാസ-ഐസ്‌ആര്‍ഒ ഉപഗ്രഹമെന്ന് ശാസത്രജ്ഞര്‍ വിശദീകരിക്കുന്നു. 150 കോടിയിലേറെ രൂപ മുതല്‍മുടക്കുന്ന പദ്ധതി ഇതുവരെയുണ്ടായതില്‍ ഏറ്റവും ചിലവേറിയ എര്‍ത്ത് ഇമേജിംഗ് സാറ്റലൈറ്റായിരിക്കും എന്നാണ് കരുതപ്പെടുന്നത്.

2021ല്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്ന സാറ്റലൈറ്റിന്റെ അണിയറപ്രവര്‍ത്തനങ്ങളില്‍ ഇരുരാജ്യങ്ങളിലേയും ശാസ്ത്രജ്ഞര്‍ സജീവമായ പ്രവര്‍ത്തനത്തിലാണെന്ന് നിസാര്‍ പദ്ധതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നാസയിലെ ശാസ്ത്രജ്ഞന്‍ പോള്‍ എ റോസന്‍ പറയുന്നു. നാസയും ഐഎസ്‌ആര്‍ഒയും സംയുക്തമായി ചെയ്യുന്ന ആദ്യത്തെ പ്രൊജക്ടായ നിസാര്‍ രണ്ട് ഫ്രീക്വന്‍സിയില്‍ ഒരു റഡാര്‍ ആണ്.

24 സെ.മീ ഉള്ള ഒരു എല്‍ ബാന്‍ഡ് റഡാറും 13 സെമീ ഉള്ള എസ് ബാന്‍ഡ് റഡാറുമാണ് ഈ ഉപഗ്രഹത്തിന്റെ മര്‍മ്മഭാഗം. ഇതില്‍ എല്‍ ബാന്‍ഡ് നാസയും എസ് ബാന്‍ഡ് ഐഎസ്‌ആര്‍ഒയുമാണ് നിര്‍മ്മിക്കുന്നത്.
ഈ രണ്ട് റഡാറുകള്‍ ഉപയോഗിച്ച്‌ ഭൂമിയുടെ കൃത്യതയും വ്യക്തതയുമുള്ള ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ സാധിക്കും. ഇതിലൂടെ ഭൂമിക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ കൃത്യമായി പഠിക്കുവാനും അതുവഴി ഉരുള്‍പൊട്ടല്‍, ഭൂചലനങ്ങള്‍, അഗ്നിപര്‍വ്വതസ്ഫോടനങ്ങള്‍, സമുദ്രനിരപ്പിലെ വ്യതിയാനങ്ങള്‍ എന്നിവയെക്കുറിച്ച്‌ അറിയാനും മുന്‍കരുതലെടുക്കാനും സാധിക്കും.

ഭൗമപാളികള്‍, ഹിമപാളികള്‍ എന്നിവയെക്കുറിച്ച്‌ പഠിക്കാനും നിരീക്ഷിക്കാനും നിസാറിന് സാധിക്കും, വനം,കൃഷിഭൂമി എന്നിവ നിരീക്ഷിക്കുക വഴി കാട്ടുതീ, വിളനാശം എന്നിവയെക്കുറിച്ച്‌ മുന്‍കൂട്ടി പ്രവചിക്കാനും നിസാര്‍ ഉപയോഗപ്രദമാക്കും. ഐഎസ്‌ആര്‍ഒയുടെ ജിയോസിംങ്ക്രണസ് സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( GSLV ) ഉപയോഗിച്ച്‌ ഇന്ത്യയില്‍ നിന്നാകും ഉപഗ്രഹം വിക്ഷേപിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button