ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശനിയാഴ്ച തീയതി പ്രഖ്യാപിക്കും. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെങ്കില്‍, അത് തെളിയിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കാമെന്ന് ഈ മാസം 12ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നാളെ പ്രഖ്യാപിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നതായി ആം ആദ്മി പാര്‍ട്ടിയാണ് ആരോപിച്ചത്. എ.എ.പിയുടെ ആരോപണത്തെ പിന്തുണച്ച് ബി.എസ്.പിയും രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍വകക്ഷി യോഗം വിളിച്ചത്. നാളെ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിക്കും.
2009ല്‍ സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്ന് തെളിയിക്കാന്‍ അവസരം നല്‍കിയിരുന്നതായി കമ്മീഷന് വൃത്തങ്ങള്‍ വെളിപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൊണ്ടു വന്ന നൂറിലധികം മെഷീനുകളിലാണ് അന്ന് പരീക്ഷണം നടന്നത്. എന്നാല്‍ കൃത്രിമം നടക്കുമെന്ന് തെളിയിക്കുന്നതില്‍ ആരോപണം ഉന്നയിച്ചവര്‍ പരാജയപ്പെട്ടുവെന്നും കമ്മീഷന് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Post Your Comments