ന്യൂഡല്‍ഹി: വാട്‌സ്ആപ്പിലെ സന്ദേശങ്ങളുടെ ആധികാരികതയെ സംബന്ധിച്ച് സുപ്രധാനവിധി പുറപ്പെടുവിച്ച് ഡല്‍ഹി കോടതി. സ്വത്ത് തര്‍ക്കക്കേസിലാണ് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കൈപ്പറ്റിയെന്നതിന് രണ്ട് നീല ടിക്കുകള്‍ തെളിവായി സ്വീകരിക്കാമെന്ന് ചൂണ്ടിക്കാട്ടി വിധിപുറപ്പെടുവിച്ചത്. ഡല്‍ഹിയിലെ രോഹിണി ജില്ലാകോടതി ജഡ്ജി സിദ്ധാര്‍ത്ഥ് മാഥൂരാണ് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്.
സ്വത്തിടപ്പാട് സംബന്ധിച്ച തര്‍ക്കത്തില്‍ വയോധികന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ അസാധാരണമായ നടപടി. വാട്സ്ആപ്പിലൂടെ പ്രതികള്‍ക്ക് സമന്‍സയക്കാന്‍ അനുവദിക്കണമെന്നായിരുന്നു വയോധികന്റെ ആവശ്യം. ഇതനുവദിച്ച ഡല്‍ഹി രോഹിണി ജില്ലാ കോടതിയിലെ മുതിര്‍ന്ന സിവില്‍ ജഡ്ജിയായ സിദാര്‍ത്ഥ് മാതൂരാണ് പ്രതികള്‍ നോട്ടീസ് കൈപ്പറ്റിയതിന് തെളിവായി വാട്സ്ആപ്പിലെ രണ്ട് നീല ടിക്കിനെ പരിഗണിക്കാന്‍ അനുവാദം കൊടുത്തത്. സമന്‍സ് ലഭിച്ചിട്ടും പ്രതികള്‍ ഹാജരാകത്തതിനാല്‍ വാദിയുടെ ഭാഗം കേട്ട് കോടതി അനുകൂല വിധി പ്രസ്താവിക്കുകയും ചെയ്തു.
മെയ് നാലിന് ഡല്‍ഹി ഹൈക്കോടതിയും ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചിരുന്നു. വാട്സ്ആപ്പിലൂടെയും ഇമെയിലൂടെയും നോട്ടീസ് അയക്കാമെന്ന് വാദിഭാഗത്തെ അറിയിച്ചിരുന്നു. സമാനമായ മറ്റൊരു കേസില്‍ ജസ്റ്റിസ് രാജീവ് സഹായിയാണ് മൊബൈല്‍, വാട്സ്ആപ്, ഇമെയില്‍ എന്നിവയില്‍ കൂടി സമന്‍സ് അയക്കാന്‍ വാദി ഭാഗത്തെ അനുവദിച്ചത്.
ഇതിന് പിന്നാലെയാണ് മെയ് ആറിന് ഡല്‍ഹി മോഡല്‍ ടൗണ്‍ ഫീല്‍ഡിലെ നിവാസിയായ വയോധികന്‍ തര്‍ക്കത്തിലുള്ള ഭൂമിയിലേക്ക് മകനും മകന്റെ ഭാര്യയും ഇവരുടെ മതാപിതാക്കളും സുഹൃത്തും കടക്കുന്നത് തടണയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതനുസരിച്ച് കോടതി അഞ്ച് പേര്‍ക്ക് സമന്‍സ് അയക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നോട്ടീസ് കിട്ടാനുള്ള കാലതാമസത്തിനിടയില്‍ മരുമകളും ബന്ധപ്പെട്ടവരും തന്റെ വീട് കയ്യേറി താമസിക്കാന്‍ സാധ്യതയുള്ളതിനാല്‍ വാട്സ്ആപ്പിലൂടെ സമന്‍സ് അയക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഡല്‍ഹി ഹൈക്കോടതിയുടെ രണ്ടുദിവസം മുന്‍പുള്ള വിധി ചൂണ്ടിക്കാട്ടിയായിരുന്നു വയോധികന്റെ അഭിഭാഷകന്റെ വാദം. ഇത് കോടതി അനുവദിക്കുകയായിരുന്നു. ഇതനുസരിച്ച് മകനൊഴികെയുള്ള പ്രതികള്‍ക്ക് വാട്സ്ആപ്പില്‍ നോട്ടീസ് അയക്കുകയായിരുന്നു. മകന് നേരിട്ട് സമന്‍സ് നല്‍കി.
വാട്സ്ആപ്പില്‍ നോട്ടീസ് അയച്ച ശേഷം നീല ടിക്ക് കണ്ടപ്പോള്‍ കളര്‍ പ്രിന്റ് എടുത്ത് ഹാജരാക്കുകയായിരുന്നു. പ്രിന്റ് ഔട്ടിനെ തെളിവായി പരിഗണിച്ച് പ്രതികളെ തര്‍ക്ക ഭൂമിയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി. നീല ടിക്കിനെ തെളിവായി സ്വീകരിച്ചെങ്കിലും നാല് പേര്‍ക്കും ഒരു തവണ കൂടി സമന്‍സ് അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments