Latest NewsKeralaNews

ഇനി വാഹനത്തില്‍ നിന്നും ഇറങ്ങാതെ രേഖകള്‍ കാണിക്കാം

തിരുവനന്തപുരം: റോഡിൽ വാഹന പരിശോധന നടത്തുന്ന പൊലീസുകാർ ഇനി യാത്രക്കാരെ അടുത്തു വിളിച്ചു രേഖകൾ ആവശ്യപ്പെടില്ല. പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിന് അടുത്തെത്തി വേണം രേഖകൾ ആവശ്യപ്പെടാൻ. പരുഷമായ സ്വരത്തിൽ യാത്രക്കാരോടു സംസാരിക്കരുതെന്നാണ് നിർദ്ദേശം. വാഹനം പരിശോധിക്കുമ്പോൾ മാന്യമായി പെരുമാറിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നു മന്ത്രി തോമസ് ചാണ്ടിയും മുന്നറിയിപ്പു നൽകി.

വാഹനമോടിക്കുന്ന സ്ത്രീകളെപ്പോലും വിളിച്ചിറക്കി അടുത്തേക്കു വിളിച്ചാണു രേഖകൾ പരിശോധിക്കുന്നതെന്നു വീണാ ജോർജ് ചൂണ്ടിക്കാട്ടിയപ്പോഴാണു മുഖ്യമന്ത്രിയും മന്ത്രിയും നിലപാടു വ്യക്തമാക്കിയത്. എസ്‌ഐമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ വിളിച്ച് മേഖലാ തലത്തിൽ ചേർന്ന യോഗങ്ങളിൽ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനു പുറമെ രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വാഹനം ഓടിക്കുന്നയാൾ പുരുഷനാണെങ്കിൽ സർ എന്നോ സുഹൃത്ത് എന്നോ, സ്ത്രീയാണെങ്കിൽ മാഡം എന്നോ സഹോദരി എന്നോ അഭിസംബോധന ചെയ്യണമെന്നും സർക്കുലർ നിലവിലുണ്ട്.
വാഹനപരിശോധനയ്ക്കു ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്റെ വിവരങ്ങൾ കൺട്രോൾ റൂമിൽ അറിയിക്കണം. ഇവരിൽ കൂടുതലായി മറ്റാരെയെങ്കിലും പരിശോധനയ്ക്ക് ഏർപ്പെടുത്തേണ്ടി വന്നാൽ അക്കാര്യം ജില്ലാ പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കണമെന്നും സർക്കുലറിലുണ്ട്.
ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളിൽ അടിയന്തര ആവശ്യത്തിനല്ലാതെ പരിശോധന നടത്തരുത്. ഇടുങ്ങിയ റോഡുകൾ, വളവുകൾ എന്നിവിടങ്ങളിൽ തികച്ചും അടിയന്തര സാഹചര്യമില്ലാതെ വാഹനപരിശോധന പാടില്ല. പരിശോധനയ്ക്കിടയിൽ ഒരു കാരണവശാലും ആത്മനിയന്ത്രണം വിട്ടുകൊണ്ട് യോഗ്യമില്ലാത്ത രീതിയിൽ പെരുമാറാനോ ആരെയും ദേഹോപദ്രവം ഏൽപ്പിക്കുവാനോ പാടുള്ളതല്ല.

നിയമപരമല്ലാതെ അനാവശ്യമായി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നതും വാഹനം ഓടിക്കുന്നവർക്ക് സമയനഷ്ടം ഉണ്ടാകുന്ന രീതിയിലുള്ള പരിശോധനയും നിരുൽസാഹപ്പെടുത്തണമെന്നാണ് നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button