KeralaNattuvarthaLatest NewsNews

“ചാത്തന്നൂർ ഇത്തിക്കര പാലം..!!! ഒരു മരണം ബാക്കി വെച്ചു പോയ ജീവിതത്തിന്റെ കൈയൊപ്പ്

ചാത്തന്നൂർ: ഒരു വിലാപയാത്രാ വാഹനം കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട പാലം കേരളത്തില്‍ ഉണ്ട്, അറിയാമോ? ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു പാലം കാണുമെന്നു തോന്നുന്നില്ല. നമ്മുടെ കൊല്ലം ജില്ലയിലെ നാഷണല്‍ ഹൈവേ കടന്നു പോകുന്ന ചാത്തന്നൂർ ഇത്തിക്കര പാലം ആണ് അത്.

അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ടി കെ ദിവാകരന്റെ വലിയ ഒരു സ്വപ്നം ആയിരുന്നു ഇത്തിക്കരയിലെ പുതിയ പാലം.അദ്ദേഹം മന്ത്രിയായിരിക്കുമ്പോള്‍ തന്നെ പാലം പണി തുടങ്ങി, പണി പുരോഗമിച്ചു, പണി പൂര്‍ത്തിയായി. 20-1-1976 ചൊവ്വാഴ്ച പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ തീരുമാനിയ്ക്കുന്നു. ഉത്ഘാടകന്‍ ആയി മന്ത്രി ടി കെ ദിവാകരന്‍ തന്നെ മതി എന്നും നിശ്ചയിച്ചു. എന്നാല്‍ അതിനു ഒരാഴ്ച മുന്‍പ് അദ്ദേഹം അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഉത്ഘാടന ദിനത്തിന്റെ തലേന്ന് 19-1-1976 തിങ്കളാഴ്ച അദ്ദേഹം മരണമടഞ്ഞു.

ഉത്സവ ലഹരിയിലായിരുന്ന ഇത്തിക്കര പ്രദേശം ശോക മൂകമായി. മറ്റാരെങ്കിലും കൊണ്ട് ഉത്ഘാടനം നടത്താനുള്ള തീരുമാനം ആയി, പക്ഷെ അവിടത്തെ ജനങ്ങള്‍ ഒന്നടങ്കം അതിനെ എതിര്‍ത്തു. പാലത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ തങ്ങളുടെ പ്രിയപ്പെട്ട ടി കെ യുടെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള വാഹനം പാലത്തിലൂടെ കടന്നു പോയി ഉദ്ഘാടനം നടക്കട്ടെ എന്നായി നാട്ടുകാര്‍.

അങ്ങനെ 20-01-1976 നു പാലത്തിനു കുറുകേ കെട്ടിയ കറുപ്പു നാടയെ ഭേദിച്ചുനീക്കിക്കൊണ്ട് അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ആദ്യമായി ഇത്തിക്കര പുതിയ പാലത്തിലൂടെ കടന്നു പോയി പാലം ഉത്ഘാടനം ചെയ്യപ്പെട്ടു, അത് ചരിത്രമായി. Opened for traffic on 20.01.1976 with the passage of the cortege of shri T.K.Divakaran, എന്ന് ആ ചരിത്രം രേഖപ്പെടുത്തിയ ഈ ശിലാ ഫലകം ഇത്തിക്കര പാലത്തിന്റെ അങ്ങേയറ്റത്ത് ഇപ്പോഴുമുണ്ട്…”

shortlink

Post Your Comments


Back to top button