ന്യൂഡല്‍ഹി: ന്യുമോണിയയ്‌ക്കെതിരായ പ്രതിരോധമരുന്ന് ഇന്ത്യ പുറത്തിറക്കി. സമഗ്ര രോഗപ്രതിരോധ (യു.ഐ.പി.)യുടെ ഭാഗമായി അഞ്ചു വയസ്സിനുതാഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തില്‍ 20 ശതമാനത്തിനും കാരണമാകുന്ന ന്യുമോണിയയെ തടയുന്ന ന്യുമോകോക്കല്‍ കോഞ്ചുഗേറ്റ് വാക്‌സിന്‍ (പി.സി.വി.) എന്ന മരുന്നാണ് ഇറക്കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ശിശുക്കളുടെ രോഗനിരക്കും മരണനിരക്കും കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. പ്രതിരോധമരുന്നുകള്‍ ഉപയോഗിച്ച് തടയാവുന്ന രോഗങ്ങള്‍ കാരണം ഒരു കുഞ്ഞും മരിക്കാന്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പി.സി.വി. ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നീ രോഗങ്ങളെയാണ് പ്രതിരോധിക്കുക. ആദ്യഘട്ടത്തില്‍ ഹിമാചല്‍പ്രദേശിലെ 21 ലക്ഷം കുഞ്ഞുങ്ങള്‍ക്കും ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ ചിലഭാഗങ്ങളിലെ കുഞ്ഞുങ്ങള്‍ക്കും മരുന്നു വിതരണം ചെയ്യാനാരംഭിച്ചിട്ടുണ്ട്. അടുത്തഘട്ടത്തില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും തുടര്‍ന്നുള്ള ഘട്ടങ്ങളിലൂടെ രാജ്യമെമ്പാടും മരുന്ന് വിതരണംചെയ്യും.
ഇന്ദ്രധനുസ്സ് പദ്ധതിയിലൂടെ ഇതുവരെ 2.6 കോടിയിലധികം കുഞ്ഞുങ്ങള്‍ക്കാണ് പ്രതിരോധമരുന്നുകള്‍ നല്‍കിയിരിക്കുന്നത്. പദ്ധതിപ്രകാരം 12 രോഗങ്ങള്‍ക്കാണ് മരുന്നുകള്‍ നല്‍കുന്നത്. സ്വകാര്യമേഖലയില്‍ ലഭ്യമായിരുന്ന മരുന്ന് യു.ഐ.പി.യില്‍ ലഭ്യമാക്കുകവഴി സമൂഹത്തിലെ പാവപ്പെട്ടവർക്കും മരുന്നുലഭ്യത ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് നഡ്ഡ പറഞ്ഞു. പി.സി.വി.യെക്കുറിച്ചുള്ള ബോധവത്കരണത്തിനായി തയ്യാറാക്കിയ ടെലിവിഷന്‍, റേഡിയോ പരസ്യങ്ങള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവയും മന്ത്രി ചടങ്ങില്‍ പ്രകാശിപ്പിച്ചു.
Post Your Comments