Latest NewsEditorial

ഭരണത്തിലേറിയിട്ട് ഒരുവര്‍ഷം; മുഖ്യമന്ത്രിയുടെ പോക്ക് എങ്ങോട്ട്?

വരുന്ന 25ന് പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഒരുവര്‍ഷം തികയുമ്പോള്‍ ഒരു വിലയിരുത്തലിലേക്ക് കടക്കുകയാണ് കേരള ജനത. ഏതൊരു കൊച്ചുകുട്ടിക്കും നിസ്സംശയം പറയാം ഇക്കാലയളവില്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ കഴ്ചവെച്ച ഭരണം എന്തായിരുന്നുവെന്ന്.
കേരള ചരിത്രത്തില്‍ തന്നെ ഒരു മന്ത്രിസഭയ്ക്ക് ലഭിക്കാത്ത പല ‘ബഹുതികളും’ ‘സല്‍പ്പേരുകളും’ നേടിയെടുക്കാന്‍ പിണറായി സര്‍ക്കാരിന് വെറും 12 മാസം കൊണ്ട് കഴിഞ്ഞു. ഇവയെല്ലാം സാമൂഹ്യമാധ്യമങ്ങളടക്കം വലിയ ആഘോഷമാക്കുകയും ചെയ്തു. ഈ സര്‍ക്കാര്‍ വന്നിട്ട് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് ട്രോളന്‍മാര്‍ക്ക് മാത്രമാണെന്ന് നിസ്സംശയം പറയാം. ഇവര്‍ക്ക് വമ്പന്‍ വിഭവങ്ങള്‍ നല്‍കാനായിരുന്നു മന്ത്രിസഭയിലെ ഓരോ പ്രമുഖരും മത്സരിച്ചത്.

ഓരോ വീഴ്ചകളിലും പഠിക്കാത്ത മുഖ്യമന്ത്രി കൂടുതല്‍ അബദ്ധങ്ങളിലേക്ക് ചെന്നെത്തിയത് മന്ത്രിസഭയ്ക്ക് പുറമെ മുന്നണിയേയും ഏറെ പ്രതിരോധത്തിലാക്കി. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും വിമര്‍ശനമുയര്‍ന്നിട്ടും തന്റെ ശൈലിയിലോ ഭരണത്തിലോ അണുവിട മാറാന്‍ പിണറായി തയ്യാറായിരുന്നില്ല. ഇവിടെ പിണറായി എന്ന ധാര്‍ഷ്ട്യക്കാരന്റെ യഥാര്‍ത്ഥമുഖം ജനം തിരിച്ചറിയുകയായിരുന്നു.

തങ്ങള്‍വന്നാല്‍ എല്ലാംശരിയാകും എന്നായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് എല്‍ഡിഎഫിന്റെ പ്രചാരണം. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ വിജയിക്കുകയും ചെയ്തു. പല വാഗ്ദാനങ്ങളിലും വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ ഈ സര്‍ക്കാരിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടത്. എന്നാല്‍ തുടക്കംമുതല്‍ തന്നെ യഥാര്‍ത്ഥമുഖം പുറത്തെടുത്ത സര്‍ക്കാര്‍, എല്ലാം ശരിയാകുന്നത് പോയിട്ട് എല്ലാവരെയും ശരിയാക്കുന്ന കാഴ്ചയ്ക്കായിരുന്നു കേരളം സാക്ഷിയായത്. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ രണ്ട് മന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടിവന്നുവെന്നതും ചരിത്രത്തിലെ അപൂര്‍വ്വസംഭവമാണ്. ഏറ്റവും കൂടുതല്‍ ഉപദേഷ്ടാക്കളുള്ള മുഖ്യമന്ത്രിയായിട്ടുപോലും ആ മേഖലകളില്‍ മികച്ച തീരുമാനങ്ങളെടുക്കുന്നതിനോ നടപ്പാക്കുന്നതിനോ പിണറായിക്ക് കഴിഞ്ഞിട്ടില്ല. പിന്നെന്തിനാണ് ഇത്രയധികം ഉപദേഷ്ടാക്കള്‍ എന്നതാണ് സമൂഹം ഉയര്‍ത്തുന്ന പ്രസക്ത ചോദ്യം.

ബന്ധുനിയമന വിവാദം മുതല്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം വരെ എത്തി നില്‍ക്കുന്നു പിണറായി സര്‍ക്കാരിന്റെ ഭരണമികവ്. ഇതിന് പുറമെ ജിഷ്ണുപ്രണോയിയുടെ മരണം, ലോ അക്കാദമി സമരം, ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ രാജി, എം.എം മണി, റേഷന്‍ പ്രതിസന്ധി, കുടി വള്ളക്ഷാമം, മൂന്നാര്‍ കയ്യേറ്റം, പൊമ്പിളൈ ഒരുമൈ, സെന്‍കുമാര്‍ വിഷയം എന്നിങ്ങനെ പോകുന്നു വിവാദങ്ങള്‍. ഇവയില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറാന്‍ സമയം കിട്ടാത്ത സര്‍ക്കാരിന് നാടു ഭരിക്കാന്‍ ഇനി സമയം കണ്ടെത്തേണ്ടതുണ്ട്. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരെന്ന് അവകാശപ്പെടുമ്പോഴും ഇവര്‍ ചെയ്യുന്നതാകട്ടെ തീര്‍ത്തും ജനദ്രോഹപരമായ നടപടികളും. റേഷന്‍ പ്രതിസന്ധി, വിലക്കയറ്റം, കയ്യേറ്റം, കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍, കുടിവെള്ളക്ഷാമം തുടങ്ങിയ വിഷയങ്ങളില്‍ ഇതുവരെ ഒരു പരിഹാരവും കണ്ടെത്താന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. മന്ത്രിമാരാകട്ടെ, അടുത്തത് ഞാനെന്ന തരത്തില്‍ മുഖ്യമന്ത്രിക്കൊപ്പം വിവാദങ്ങളില്‍ പെടാന്‍ മത്സരിക്കുകയാണ്.

സിപിഎം കൊലപാതകങ്ങളും അക്രമങ്ങളും ഈ ഭരണത്തിന്‍ കീഴില്‍ വ്യാപകമായി. പ്രതികളെ പിടികൂടുന്നതിനോ ഗൗരവമായി അന്വേഷണം നടത്താനോ ഇതുവരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അതുകൊണ്ടുതന്നെ ചരിത്രത്തിലാദ്യമായി ഗവര്‍ണറുടെ വിമര്‍ശനവും ഈ സര്‍ക്കാരിന് കേള്‍ക്കേണ്ടിവന്നു. കണ്ണൂരിലെ കൊലപാതക കേസുകള്‍ അടിയന്തര പ്രാധാന്യത്തോടെ അന്വേഷിച്ച് പ്രതികളെ കണ്ടെത്തണമെന്നായിരുന്നു ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശം.

കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമകരമായ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ കനത്ത പരാജയമായിരുന്നു. അനുവദിച്ച പല പദ്ധതികളും യഥാസമയം നേടിയെടുക്കുന്നതില്‍ അലംഭാവം കാണിച്ച സര്‍ക്കാര്‍, തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളോട് തന്നെ പ്രതികാരം തീര്‍ക്കുകയായിരുന്നു. ജനോപകാര പ്രദമായ പല പദ്ധതികളും അവകാശപ്പെട്ടവര്‍ക്ക് നിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച റേഷന്‍ വിഹിതത്തിന്റേയും ഭക്ഷ്യധാന്യത്തിന്റെയും അവസ്ഥയും മറിച്ചായിരുന്നില്ല. ഇവ എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവയ്ക്കുകയായിരുന്നു.

തന്റെ കസേരയുടെ ഔന്നത്യം ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത മുഖ്യമന്ത്രിക്ക് പല വകുപ്പുകളിലും ഉറച്ച തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. താന്‍ തികഞ്ഞ പരാജയമാണെന്ന് കൂടുതല്‍ വ്യക്തമാക്കിത്തരികയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിരുദ്ധമായി നില്‍ക്കുന്ന മന്ത്രിമാര്‍. മന്ത്രിമാര്‍ക്ക് വിരുദ്ധമായി നില്‍ക്കുന്ന മുഖ്യമന്ത്രി. ഇതാണ് ഇന്നത്തെ അവസ്ഥ. ഇതിനിടയില്‍ നട്ടംതിരിയുന്നതാകട്ടെ സാധാരണക്കാരും. നിലവാരമില്ലാതെ സംസാരിക്കാനും സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കുന്ന തരത്തിലേക്കും മന്ത്രിമാരും അിധഃപതിച്ചിരിക്കുന്നു.

കയ്യേറ്റ വിഷയങ്ങളിലടക്കം ഉറച്ച നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രിക്ക് പലരെയും പേടിക്കണ്ട അവസ്ഥ. അതിനിടെ പോലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാനിന് സുപ്രീംകോടതിയില്‍ നിന്നേറ്റ തിരിച്ചടിയും ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണ്. ഇപ്പോള്‍ സര്‍ക്കാരും പോലീസ് മേധാവിയും നില്‍ക്കുന്നതാകട്ടെ രണ്ടുതട്ടിലും. ഇത് സംസ്ഥാനത്തെ ക്രമസമാധാനപാലനത്തില്‍ ഏതുരീതിയില്‍ ബാധിക്കുമെന്ന് കാത്തിരുന്നു കാണാം. എന്തായാലും ഒരു വര്‍ഷം കൊണ്ട് ഒരു സര്‍ക്കാരിനെയും തങ്ങള്‍ ഇത്രയധികം വെറുത്തിട്ടില്ല എന്ന് ജനങ്ങള്‍ തന്നെ തുറന്ന് സമ്മതിക്കുന്നു. വിവാദങ്ങള്‍ ഇടവേളയില്ലാതെ പിന്തുടരുന്ന സര്‍ക്കാര്‍ ഇനി എന്ത് ഭരണനേട്ടമാകും ഒന്നാം വാര്‍ഷികത്തില്‍ ഉയര്‍ത്തിക്കാട്ടുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button