ന്യൂഡൽഹി: ബെയ്‌ജിങ്ങിൽ ഇന്നും നാളെയും ചൈന വിളിച്ചുചേർത്തിരിക്കുന്ന ഉച്ചകോടി ഇന്ത്യ ബഹിഷ്കരിക്കും. ഏഷ്യയുടെ മറ്റു ഭാഗങ്ങളെയും യൂറോപ്പിനെയും ചൈനയുമായി ബന്ധിപ്പിക്കുന്ന ‘വൺ ബെൽറ്റ്, വൺ റോഡ്’ (ഒരു മേഖല, ഒരു പാത) നിക്ഷേപ പദ്ധതിയുടെ ഭാഗമായി വിളിച്ചു ചേർത്ത ഉച്ചകോടിയാണ് ഇന്ത്യ ബഹിഷ്ക്കരിക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടക്കം 20 രാഷ്ട്രത്തലവന്മാർ ഇന്നും നാളെയുമായി ചൈനയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയുടെ ബഹിഷ്കരണത്തിനുള്ള പ്രധാനകാരണം പാക്ക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിയോടുള്ള വിയോജിപ്പാണ്. യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ആദ്യം തീരുമാനിച്ചിരുന്ന യുഎസ് അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.
യുഎസ് പ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്. പദ്ധതിക്കായി ചൈന ഒരുലക്ഷം കോടി രൂപ മുതൽ മുടക്കാൻ ഒരുങ്ങുന്നു. ലോകശക്തിയായി വളരാനും ഉൽപന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്താനും ചൈനയെ സഹായിക്കുന്നതാണ് പദ്ധതി.
സാമ്പത്തിക ഇടനാഴിയുടെ നിർമാണത്തിന്റെ ഭാഗമായി സുരക്ഷ നൽകാൻ പല രാജ്യങ്ങളിലും ചൈനയുടെ സൈന്യത്തിനു കടന്നുചെല്ലാനും പദ്ധതി വഴിയൊരുക്കും. ചൈന വിപുലമാക്കുന്ന രാജ്യാന്തര സൗഹൃദവും വ്യാപാര ബന്ധങ്ങളും ഇന്ത്യയ്ക്കു കൂടുതൽ ഭീഷണിയുയർത്തുന്നു.
Post Your Comments