തൃശൂര്‍: ഇത്തവണത്തെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ച തൃശൂര്‍ക്കാരന്റെ ഭാഗ്യക്കേടാണ് വാര്‍ത്തയാകുന്നത്. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ പല ഭാഗ്യവും നിങ്ങളെ കഷ്ടപ്പെടുത്തും. അതുപോലെയാണ് ചഞ്ചലിന്റെ കാര്യവും.
സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ അടിച്ചെങ്കിലും പണം കൈപ്പറ്റാന്‍ കഴിയാതെ വണ്ടി കയറേണ്ടി വന്നിരിക്കുകയാണ് യുവാവിന്. തിരിച്ചറിയല്‍ രേഖകളൊന്നും കയ്യിലില്ലാത്തതാണ് യുവാവിനെ ബുദ്ധിമുട്ടിലാക്കിയത്. തുടര്‍ന്ന് അസമിലെ വീട്ടിലേക്കു ചഞ്ചല്‍ വണ്ടി കയറി. പോയിട്ട് ഒരാഴ്ച കഴിയുന്നു.
തിരിച്ചറിയല്‍ രേഖയുമായി പെട്ടെന്ന് മടങ്ങിയെത്തുമെന്നു സുഹൃത്തുക്കളോടു പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വിവരമൊന്നുമില്ല. നാടുവിട്ടുപോയ ലക്ഷപ്രഭു മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ ബാങ്കില്‍ കാത്തിരിക്കുകയാണു സമ്മാനാര്‍ഹമായ ഭാഗ്യക്കുറി ടിക്കറ്റ്. ചേറൂരില്‍ പ്രവര്‍ത്തിക്കുന്ന ഇമേജ് ലക്കി സെന്ററില്‍നിന്ന് ഒന്നരയാഴ്ച മുന്‍പു വിറ്റുപോയ പൗര്‍ണമി ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനമടിച്ചത്.
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും അടക്കമുള്ള രേഖകള്‍ ബാങ്ക് ആവശ്യപ്പെട്ടെങ്കിലും ഒന്നുപോലും കയ്യിലില്ലാത്തതിനാല്‍ താന്‍ അസമിലേക്കു മടങ്ങിപ്പോവുകയാണെന്നും ഉടന്‍ മടങ്ങിയെത്തുമെന്നും ചഞ്ചല്‍ പറഞ്ഞിരുന്നു. എന്നാല്‍, ചഞ്ചലിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ലോട്ടറി ടിക്കറ്റ് ബാങ്കിന്റെ ഏതു ശാഖയിലാണ് ഏല്‍പിച്ചതെന്നു പോലും വ്യക്തമല്ല. കെട്ടിട നിര്‍മാണ ജോലികള്‍ക്കും മറ്റുമായാണു ചഞ്ചല്‍ കേരളത്തിലെത്തിയത്.
അസമില്‍ എവിടെയാണ് ഇയാളുടെ വീടെന്നോ വിലാസമേതെന്നോ അറിയാത്തതിനാല്‍ അന്വേഷിച്ചു കണ്ടെത്താന്‍ മാര്‍ഗമില്ല. ആര്‍വൈ 883346 ആണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് നമ്പര്‍.
Post Your Comments