തിരുവനന്തപുരം : ആഡംബരമൊഴിവാക്കി ലാളിത്യമാര്‍ന്ന സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ മകള്‍ സീതയുടേയും ചന്ദന്‍കുമാറിന്റെയും വിവാഹം ഏവർക്കും മാതൃകയാകുന്നു. വീട്ടിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ വി.എസ് അച്യുതാനന്ദനുൾപ്പടെയുള്ളവർ പങ്കെടുത്തു. വീട്ടിലെ പൂജാമുറിയില്‍വെച്ച് താലി ചാർത്തിയ വധൂവും വരനും ഓരോ കപ്പ് പായസം നൽകിക്കൊണ്ടാണ് ആതിഥേയർക്ക് വിരുന്നൊരുക്കിയത്. മടങ്ങിപ്പോകുമ്പോൾ ഏവർക്കും ചെറു സമ്മാനവും നവദമ്പതികൾ നൽകി.
സിവില്‍ സര്‍വീസ് അക്കാദമിയില്‍ വെച്ച് പരിചയപ്പെട്ട ബിഹാർ സ്വദേശിയായ ചന്ദന്കുമാറുമായിട്ടായിരുന്നു സീതയുടെ വിവാഹം. പരസ്പരം മനസ്സിലാക്കുകയും പ്രണയിക്കുകയും ചെയ്ത കുട്ടികളെ ഒന്നിപ്പിക്കുകയാണെന്നു പറഞ്ഞുകൊണ്ടുള്ള ക്ഷണക്കത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബിഹാര്‍ വൈശാലി ഹാജിപ്പൂരിലെ ഡോ. മധുസൂദനന് സിങ്ങിന്റെയും പ്രിയാസിങ്ങിന്റെയും മകനാണ് ചന്ദൻകുമാർ.
വര്‍ഷങ്ങളായി മകളുടെ വിവാഹച്ചെലവുകൾക്കായി സ്വരൂപിച്ച തുക 20 പാവപ്പെട്ട വിദ്യാര്‍ഥികളുടെ അടുത്ത നാലുവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസച്ചെലവുകള്‍ക്കായി മാറ്റിവെക്കുമെന്നും, താന്‍ പഠിച്ച മോഡല്‍ സ്കൂളിലെയും ഗവ. ആര്‍ട്സ് കോളേജിലെയും ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെയും പ്രിന്‍സിപ്പല്‍മാരെ ഈ തുക ഏല്‍പ്പിക്കുമെന്നും സൂര്യ കൃഷ്ണമൂർത്തി അറിയിച്ചിരുന്നു.
Post Your Comments