തൃശൂര്‍: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എം.എം.മണി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ്. മണിക്കെതിരേ പരാതി നല്‍കിയ ജോര്‍ജ് വട്ടുകുളത്തെ ഇക്കാര്യം മൂന്നാര്‍ ഡിവൈഎസ്പി രേഖാമൂലം അറിയിക്കുകയായിരുന്നു.
മണിക്കെതിരേ ക്രിമിനല്‍ നടപടി അനുസരിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്ന് നിയമോപദേശം ലഭിച്ചുവെന്നാണ് പോലീസിന്റെ വിശദീകരണം. നേരിട്ട് കേസെടുക്കാനുള്ള കുറ്റകൃത്യം നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
ഇടുക്കിയിലെ കുഞ്ചിത്തണ്ണിയില്‍ നടത്തിയ പ്രസംഗത്തിലാണ് മണി സ്ത്രീകള്‍ക്കെതിരേ അധിക്ഷേപകരമായ പ്രസംഗം നടന്നത്. സംഭവം വിവാദമായതോടെ മന്ത്രി ഖേദപ്രകടനം നടത്തി തലയൂരിയെങ്കിലും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടര്‍ന്നു. എന്നാല്‍ ഇന്നലെ അവര്‍ നേരിട്ടുള്ള പ്രതിഷേധ സമരം പിന്‍വലിക്കുകയാണെന്ന് അറിയിച്ചു.
മണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും പരാതികള്‍ എത്തിയിട്ടുണ്ട്. കൂടാതെ വനിതാകമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Post Your Comments