വാഷിംഗ്ടണ്‍: പിതാവിന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ അല്‍ ഖ്വെയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഒരുങ്ങുന്നതായി വെളിപ്പെടുത്തല്‍. മുന്‍ എഫ്ബിഐ ഏജന്റ് അലി സൗഹാനാണ് നിര്‍ണായകമായ ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയിലെ സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തിനുശേഷം ലാദനുവേണ്ടി തെരച്ചില്‍ നടത്തിയ അന്വേഷണസംഘത്തിന്റെ തലവനായിരുന്നു അലി സൗഹാന്‍.
ഇപ്പോള്‍ ഇരുപത്തിയെട്ടുകാരനായ ഹംസ, ആറു വര്‍ഷം മുമ്പെഴുതിയ കത്തുകളില്‍ നിന്നാണ് അല്‍ ഖ്വെയ്ദയോടുള്ള താല്‍പര്യം പുറത്തുവന്നിരുന്നത്. അതില്‍ ഹംസ പിതാവ് ഒസാമയോടും അല്‍ ഖ്വെയ്ദയോടും ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. പാക്കിസ്ഥാനിലെ അബട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ലാദനെ യുഎസ് കമാന്‍ഡോകളാണ് വധിച്ചത്.
ബിന്‍ ലാദനെ കൊലപ്പെടുത്തിയ റെയ്ഡിനിടയില്‍ ഹംസയുടെ അല്‍ ഖ്വൊയ്ദയോടുള്ള ആഭിമുഖ്യം വെളിപ്പെടുത്തുന്ന കത്തുകള്‍ ലഭിച്ചിരുന്നുവെന്ന് ടിവി അഭിമുഖത്തില്‍ അലി സൗഹാന്‍ പറഞ്ഞു. ലാദന്റെ ആശയങ്ങളെ പരിപൂര്‍ണമായി പിന്തുണച്ചിരുന്ന ഹംസ പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാനും അല്‍ ഖ്വെയ്ദയെ മുന്നോട്ട് നയിക്കാനും ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹംസയുടെ കത്തുകള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ദൈവത്തിന് വേണ്ടിയുള്ള ജിഹാദിന്റെ പാതയിലാണ് ജീവിക്കുന്നതെന്ന് ഹംസ കത്തില്‍ പറയുന്നു.
രണ്ടു വര്‍ഷങ്ങള്‍ക്കിടെ നാല് ശബ്ദ സന്ദേശങ്ങളാണ് ഹംസയുടേതായി പുറത്തുവന്നത്. യുഎസ് ജനതയോട് കരുതിയിരിക്കാന്‍ ആവശ്യപ്പെടുന്നതാണ് സന്ദേശങ്ങള്‍.
ഹംസയ്ക്ക് ജിഹാദികളെ ഒരുമിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയും. പിതാവിനോളം അപകടകാരിയായ ഭീകരവാദിയാണ് ഹംസ. ഹംസയുടെ സന്ദേശങ്ങളെല്ലാം ലാദന്റേതിന് സമാനമാണ്. ലാദന്‍ ഉപയോഗിച്ചിരുന്ന വാചകങ്ങളാണ് മകനും ഉപയോഗിക്കുന്നത്. ലാദനെ കരുതിയിരുന്നതു പോലെ തന്നെയാണ് ഹംസയെയും അമേരിക്ക കാണുന്നതെന്നും അലി സൗഹാന്‍ വ്യക്തമാക്കി.
Post Your Comments