ചികിത്സയില്‍ കഴിയുന്ന ഒരു രോഗിക്ക് എന്താണ് വേണ്ടത്? ഒരു രോഗിയാകുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ആയിരങ്ങള്‍ ഉണ്ടാകും. അവരുടെ വാക്കുകള്‍ ചിലര്‍ക്ക് ആശ്വാസ വചനങ്ങളാകും. ചിലര്‍ക്കത് സഹതാപമായി തോന്നാം. ഇവിടെ ഇതിനെക്കുറിച്ചാണ് ഡോ.വിപി ഗംഗാധരന് പറയുന്നത്. ശരിക്ക് രോഗിക്ക് എന്താണ് വേണ്ടത്? ഗംഗാധരന് തന്റെ അനുഭവങ്ങളിലൂടെ പറയുന്നു.
ഒരു ഡോക്ടറായിട്ടല്ല താനിത് എഴുതുന്നതെന്ന് ഗംഗാധരന് പറയുന്നു. രോഗിയായിട്ടുതന്നെ, ഐ.സി.യു.വില്‍ അല്ല, വീട്ടിലാണെന്നു മാത്രം… മൊബൈല്‍ഫോണോ സന്ദര്‍ശകരോ ഇല്ലാതെ വിശ്രമത്തില്‍. ഡിസ്ചാര്‍ജ് ചെയ്ത സമയത്ത് എന്റെ ഡോക്ടര്‍മാര്‍ തന്ന ഉപദേശം: രണ്ടാഴ്ച ഒട്ടും ആയാസപ്പെടരുത്, ഹൃദയത്തിലെ മസിലുകള്‍ക്ക് വിശ്രമം ആവശ്യമുണ്ട്. അത് അവയ്ക്ക് നല്‍കുക. പിന്നെ പതുക്കെ പതുക്കെ തിരികെ പഴയ ജീവിതത്തിലേക്കു വരാം. അത് ഞാന്‍, രോഗിയായ ഗംഗാധരന്, നേരത്തെ അംഗീകരിച്ച സത്യം. അതുകൊണ്ട് അതുള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല.
അടുത്തദിവസം രാവിലെ ഞാന്‍, എനിക്ക് കഴിഞ്ഞ ഒരാഴ്ച വന്ന ഫോണ്‍ സന്ദേശങ്ങളും ഇ-മെയിലും വായിച്ചുതുടങ്ങി. നൂറു ശതമാനവും എന്നോടുള്ള സ്നേഹവും ആത്മാര്‍ഥതയും പ്രകടിപ്പിക്കുന്നവയായിരുന്നു അവ. എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന ധാരാളം മനസ്സുകള്‍ ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ മനസ്സിനിത് ഒപ്പമുണ്ടായാല്‍ മതി, സാന്ത്വന സ്പര്ശത്തിന്. കാരണം. ഞാന്‍ രോഗിയാണ്… ഡോക്ടറുമാണ്.
പക്ഷേ, രോഗിക്കിതു മതിയോ…? പോരാ… പലപ്പോഴും ഇതല്ല വേണ്ടതും. ഒരു സഹപാഠി ഡോക്ടറുടെ ഈയൊരു ഫോണ്‍ സന്ദേശം തന്നെ ഉദാഹരണം: ‘നീ റെസ്റ്റ് എടുക്കണം. ഒരു മൂന്നുമാസം എങ്കിലും കഴിഞ്ഞ് ജോലിക്കു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ മതി. ആറുമാസം വരെ ഒട്ടും ആയാസപ്പെടരുത്. ഒരു വര്‍ഷം കഴിഞ്ഞ് മാത്രം യാത്രകളെക്കുറിച്ചും ഡോക്ടര്‍ പ്രൊഫഷനെക്കുറിച്ചും ആലോചിച്ചാല്‍ മതി. കൂടെ wish you a speedly recovery. വേഗത്തില്‍ തിരികെ ജീവിതത്തിലെത്താന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
ചിരിയാണ് മനസ്സില്‍ വന്നത്. ഒരു വര്‍ഷം വരെ ഇങ്ങനെ എന്നെ പോറ്റാന്‍, ജോലിയുള്ള എന്റെ ഭാര്യക്കും മക്കള്‍ക്കും വലിയ പ്രയാസമുണ്ടാകില്ല… മനസ്സുമുണ്ടാകും. ജീവിതമെന്ന കൊച്ചു തോണി കരയ്ക്കടുപ്പിക്കാന്‍ ആയാസപ്പെടുന്ന കുറേ മനുഷ്യരുണ്ട് ഈ ലോകത്തില്‍. അവരിലേക്കാണ് ഈ സന്ദേശം… ഈ വാക്കുകള്‍… ഇറങ്ങിച്ചെല്ലുന്നതെങ്കിലോ കുറേ ഹൃദയങ്ങള്‍ക്ക് ആഘാതമുണ്ടാകും. ഹൃദയാഘാതത്തിന്റെ വക്കിലെത്തി നില്ക്കുന്ന രോഗിക്ക് ഹൃദയാഘാതം തീര്‍ച്ച. ഇന്നല്ലെങ്കില്‍ നാളെ…ഇതേ സന്ദേശം ഞാന്‍ മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കട്ടെ… ‘ഒരു മൂന്നുമാസം കുറച്ച് റെസ്റ്റ് എടുക്കടേയ്, അഞ്ചാറുമാസം കൊണ്ട് നീ കുട്ടപ്പനാകില്ല… 10-12 മാസം കൊണ്ട് പഴയതിനേക്കാള്‍ ആക്ടീവ് ആയിട്ടുള്ള ഡോ. ഗംഗാധരന്’. അതിന്റെ തുടര്‍ച്ചയായി wish you a speedly recovery എന്ന് എഴുതേണ്ട ആവശ്യമേയില്ല -ഈ വാക്കുകള്‍ മതി അതിവേഗം തിരികെ ജീവിതത്തിലെത്താന്‍.
മറ്റൊരു സുഹൃത്തിന്റെ വാക്കുകളാണ് ഇ -മെയിലിലൂടെ. ഒരു മാസത്തേക്ക് ഒരു ഫോണ്‍കോളും എടുക്കേണ്ട. ഒരാളെയും കാണാനും സംസാരിക്കാനും വേണ്ടി എഴുന്നേല്‍ക്കരുത്. ഞങ്ങള്‍ കുഞ്ഞുകുട്ടികളടക്കം മുട്ടേല്‍ നിന്ന് പ്രാര്‍ഥിക്കുകയാണ്. സാറിനെ ഞങ്ങള്‍ ആ വിശുദ്ധ കൈകളില്‍ ഏല്പിക്കുകയാണ്…’
ഇവിടെയും രോഗിക്കാവശ്യം ഈ രൂപത്തിലല്ല, ഭാഷയിലല്ല, ഇതും മറ്റൊരു രൂപത്തിലും ഭാഷയിലുമാക്കാം. ‘സാര്‍ കുറച്ച് ഫോണ്‍ കട്ട് ചെയ്യ് എന്റേതടക്കം…, കത്തിവയ്ക്കാന്‍ ആരെയും കൂട്ടേണ്ട… ഞങ്ങളെല്ലാരും സാറിന്റെ കൂടെയുണ്ട് സാറേ…’ ഇതുമതി ഒരു രോഗിക്ക്.
ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ സാധിക്കൂ എന്ന് മരിച്ചുപോയ സാറിന്റെ ചേട്ടനോടും സാറിനോടും ഞാന്‍ പലവട്ടം സൂചിപ്പിച്ചിട്ടുണ്ട്. സ്നേഹം കൊണ്ടാണത്’ -സ്നേഹമയിയായ ഒരു കുടുംബസുഹൃത്തിന്റെ മനസ്സുതൊട്ടറിഞ്ഞ ഉപദേശമാണ്. പക്ഷേ, അസമയത്തായിപ്പോയില്ലേ…?
‘ഞാനെന്റെ മരണാനന്തര വില്‍പ്പത്രമൊക്കെ തയ്യാറാക്കി വെച്ചിട്ടുണ്ട്. നീയും ഉടനെ തന്നെ അതൊക്കെ പ്ളാന്‍ ചെയ്യണം. എത്രയും പെട്ടെന്ന് തിരികെ ജീവിതത്തിലേക്കെത്താന്‍ ദൈവം അനുഗ്രഹിക്കട്ടെ…’ -തിരികെ ജീവിതത്തിലേക്ക് വരാന്‍ ഇനി എന്തുവേണം. മനസ്സിന് കുളിര്‍മയും ആത്മവിശ്വാസവും പകരുന്ന ധാരാളം വാക്കുകളുണ്ടായിരുന്നു.
റോഡില്‍ നമ്മള് സ്പീഡ്ബ്രേക്കര്‍ കാണാറില്ലേ, അതുപോലെ ജീവിതത്തിലെ സ്പീഡ്ബ്രേക്കറായിട്ടിതിനെ കണ്ടാല്‍ മതി.’
‘ലക്ഷക്കണക്കിനാളുകളുടെ പ്രാര്‍ഥനയും സ്നേഹവുമുണ്ട് ഡോക്ടര്‍ക്ക് -അതാണ് ഡോക്ടറുടെ ബലവും പുണ്യവും. അതിലൊരംശം മതി, ഈ അസുഖത്തെ മറികടക്കാന്‍…’സാറിനെ ഞങ്ങള്‍ക്കിനിയും വേണം -അതറിഞ്ഞുകൊണ്ട് ദൈവം തന്ന നിര്‍ബന്ധ അവധി ദിനങ്ങളായി ഇതിനെ കണ്ടാല്‍ മതി…’
-ഇതൊക്കെയാണ് രോഗിക്ക് ആശ്വാസമേകുന്ന വാക്കുകള്‍… സന്ദേശങ്ങള്‍.
‘ഞാനൊരു കുസൃതിച്ചോദ്യം ചോദിക്കട്ടേ…?’ -ഉമയുടെ ഈ ചോദ്യം കേട്ടാണ് ഞാന്‍ തിരിഞ്ഞുനോക്കിയത്. ഐ.സി.യു.വില്‍ കിടക്കുമ്പോള്‍: ‘മരിക്കേണ്ടാ, എനിക്ക് തിരികെയെത്തണം എന്ന്’ ഏറ്റവും ശക്തിയോടെ അച്ഛന്റെ മനസ്സിനെ പിടിച്ചുവലിച്ചിരുന്നത് സ്വാധീനിച്ചിരുന്നത് ആരായിരുന്നു… എന്തായിരുന്നു?
‘മരണത്തെകുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ലായിരുന്നു… ആ ഒരു വിചാരം എന്റെ മനസ്സിലില്ലായിരുന്നു’ -ഉത്തരം പെട്ടെന്നായിരുന്നു.
‘പക്ഷേ, അച്ഛാ… ഐ.സി.യു.വിന്റെ പുറത്ത് ഞങ്ങളനുഭവിച്ച വേദന…’ -ഉമയുടെ ശബ്ദം പതറുന്നുണ്ടായിരുന്നു. ഇതൊന്നുമറിയാതെ അടുത്ത് കളിച്ചുകൊണ്ടിരുന്ന കൊച്ചുമകള്‍ എന്നെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. ഈ ഒരു ചിരി മതി ഹൃദയത്തിലെ ഒരായിരം കോശങ്ങള്‍ ഉണരാന്‍… വീണ്ടും സജീവമാകാന്‍.
ഒരു രോഗിക്കാവശ്യം ഈ ചിരി സമ്മാനിക്കുന്നതു പോലെയുള്ള വാക്കുകളാണ്… സന്ദേശങ്ങളാണ്… ഹൃദയങ്ങളാണ്… മനസ്സുകളാണ്… മുഖങ്ങളാണ്. എന്നെ കാണാന്‍ ആഗ്രഹിച്ചിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഉണ്ടെന്ന് എനിക്കറിയാം… ഒരു ചെറിയ ഇടവേള അത്യാവശ്യമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു… പൂര്‍വാധികം ശക്തിയോടെ തിരികെയെത്താന്‍.
Post Your Comments