ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ എച്ച്ഐവി ബാധിത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 26 ആഴ്ച ഗര്‍ഭിണിയായിരിക്കെ ഗര്‍ഭച്ഛിദ്രം നടത്തുന്നത് ആരോഗ്യപരമായ കാരണങ്ങള്‍ കണക്കിലെടുത്ത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ വിധി.
35 വയസുകാരിയായ യുവതിയാണ് ഗര്‍ഭച്ഛിദ്ര ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. ആറാം മാസം ഗര്‍ഭച്ഛിദ്രം നടത്തുകയാണെങ്കില്‍ യുവതിയുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് യുവതിയെ പരിശോധിച്ച ഏയിംസ് സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി വിധി.
അതേസമയം, ഗര്‍ഭച്ഛിദ്രം നടത്തണെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവിന്റെ കൂടി അനുമതി വേണമെന്ന പാറ്റ്‌ന മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ വിചിത്രമായ വാശിയെ സുപ്രീംകോടതി വിമര്‍ശിച്ചു. ആശുപത്രി അധികൃതരുടെ നിലപാടാണ് യുവതിയുടെ ഗര്‍ഭച്ഛിദ്രം നടത്തണമെന്ന ആവശ്യത്തെ വൈകിപ്പിച്ചത്. തുടര്‍ന്ന് സുപ്രീംകോടതിയെ യുവതി സമീപിപ്പിച്ചപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.
ബലാത്സംഗത്തെ തുടര്‍ന്നാണ് യുവതി ഗര്‍ഭിണിയായത്. യുവതി എച്ച്‌ഐവി ബാധിതയുമാണ്. ഗര്‍ഭിണിക്കോ ഗര്‍ഭസ്ഥ ശിശുവിനോ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം നിഷേധിക്കാനുണ്ടായ സാഹചര്യത്തെ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരും ആശുപത്രി അധികൃതരും യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ ദീപക് മിശ്ര, എഎം ഖാന്‍വില്‍കാര്‍ എംഎം ശാന്തന്‍ഗൗഡാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
യുവതിക്ക് എല്ലാ ചികിത്സാ സൗകര്യങ്ങളുമൊരുക്കാന്‍ ബീഹാര്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവില്‍ പറയുന്നു. യുവതിക്കുള്ള എല്ലാ ചികിത്സയും പാറ്റ്‌നയിലെ ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ലഭ്യമാക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള എല്ലാ ഹര്‍ജികളിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകാതെ കോടതികള്‍ സമയബന്ധിതമായി വിധി പുറപ്പെടുവിക്കണമെന്നും വിധിയില്‍ പറയുന്നു.
ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് സ്ത്രീയ്ക്കുള്ള അവകാശം നിഷേധിക്കുന്ന തരത്തില്‍ ബീഹാര്‍ സര്‍ക്കാരും പാറ്റ്ന മെഡിക്കല്‍ കോളജ് അധികൃതരും വീഴ്ച്ച വരുത്തിയതായി ബെഞ്ച് നിരീക്ഷിച്ചു. യുവതിയുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതിനെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.
Post Your Comments