തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് സെന്‍കുമാറിന് ‘ബദലായി ‘ കാര്യങ്ങള്‍ നടത്താനും നിരീക്ഷിക്കാനും ഏല്‍പ്പിച്ച എഡിജിപി ടോമിന്‍ തച്ചങ്കരിയും എഐജിയും ഉള്‍പ്പെടെയുള്ളവര്‍ പോലും അറിയാതെ നേരിട്ട് ഉത്തരവുകള്‍ ഇറക്കി ഉന്നതരെ ഞെട്ടിച്ചിരിക്കുകയാണ് സെന്‍കുമാര്‍. ഡിജിപി: ലോക്നാഥ് ബെഹ്റ ഇറക്കിയ ചില ഉത്തരവുകൾ ടി.പി.സെൻകുമാർ റദ്ദാക്കി. കൂടാതെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗൺ പെയിന്റ് അടിക്കണമെന്ന ബെഹ്റയുടെ വിവാദ ഉത്തരവിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. അതിനിടയ്ക്ക് അതീവ രഹസ്യ വിഭാഗമായ ടി. ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റി പകരക്കാരനെ നിയമിക്കാന്‍ രണ്ട് മണിക്കൂറിനിടെ രണ്ട് ഉത്തരവുകള്‍ ഇറക്കുകയും ചെയ്തു. സെൻകുമാറിനെ ‘നിരീക്ഷിക്കാൻ’ സർക്കാർ നിയമിച്ച എഐജി മുതൽ എഡിജിപി വരെ ഉദ്യോഗസ്ഥരെ കാഴ്ച്ചക്കാരാക്കിയാണ് ഈ നടപടികൾ.
സെൻകുമാർ വരുന്നതിനു തൊട്ടുമുൻപാണ് എല്ലാ പോലീസ് സ്റ്റേഷനുകളും ബ്രൗൺ പെയിന്റ് അടിക്കണമെന്നു ബെഹ്റ ഉത്തരവിട്ടത്. ഒരു കമ്പനിയുടെ പ്രത്യേക ബ്രാൻഡും ഇതിൽ നിർദേശിച്ചിരുന്നു. ഈ ഉത്തരവിനെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ പോലീസ് ആസ്ഥാനത്തെ അഡീഷനൽ എഐജി ഹരിശങ്കറിനെയാണു ചുമതലപ്പെടുത്തിയത്. പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവിയായ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയെ തൊട്ടുപിന്നാലെ മാറ്റി. ഇവിടെയുള്ള രേഖകൾ വിവരാവകാശ നിയമപ്രകാരം പോലും ലഭ്യമല്ല. സെൻകുമാർ സേനയ്ക്കു പുറത്തുനിൽക്കുമ്പോൾ പുറ്റിങ്ങൽ, ജിഷ കേസ് എന്നിവ സംബന്ധിച്ച ചില രേഖകൾ ആരോ വിവരാവകാശ പ്രകാരം ചോദിച്ചെന്നും അതു നൽകാത്തതിന്റെ പേരിലാണു മാറ്റമെന്നും പോലീസ് ആസ്ഥാനത്തെ ജീവനക്കാർ പറയുന്നു. ഇവരെ അപ്രധാനമായ യു ബ്രാഞ്ചിലേക്കാണു മാറ്റിയത്. പകരം, എൻ ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് സി.എസ്.സജീവ് ചന്ദ്രനെ നിയമിച്ചു വൈകിട്ട് ഉത്തരവിറക്കി. എന്നാൽ, അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചു. തുടർന്നു പേരൂർക്കട എസ്എപിയിലെ ജൂനിയർ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിച്ചു രണ്ടു മണിക്കൂറിനുള്ളിൽ പുതിയ ഉത്തരവിറക്കി.
നിയമസഭയിൽ പോലീസിന്റെ ലെയ്സൺ ജോലി ചെയ്തിരുന്ന ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ മാറ്റിയ ബെഹ്റയുടെ ഉത്തരവും റദ്ദാക്കി. ഏതായാലും നിയമപോരാട്ടത്തിലൂടെ കിട്ടിയ അധികാരം പരമാവധി ഉപയോഗിക്കാൻ തന്നെയാണു സെൻകുമാറിന്റെ തീരുമാനം. എന്നാൽ, രഹസ്യ സെക്‌ഷനിലെ അഴിച്ചുപണിക്കെതിരെ പോലീസ് ആസ്ഥാനത്തെ ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments