ശ്രീനഗര്‍•അയാളുടെ ആദ്യത്തെ ലീവ് അവസാനത്തേതായി. ഏറെ ആഹ്ലാദത്തോടെ താന്‍ പങ്കെടുക്കാനെത്തിയ വിവാഹവേദി അയാള്‍ക്ക് അന്ത്യയാത്രയ്ക്കുള്ള വേദിയായി.
കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നും സൈന്യത്തില്‍ ചേര്‍ന്ന ലെഫ്റ്റനന്റ് ഉമര്‍ ഫയാസ് എന്ന 22 കാരനാണ് ഈ ദുര്‍വിധിയുണ്ടായത്. മാതൃസഹോദരിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ലീവിന് വീട്ടിലെത്തിയ ഫയാസിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
നവോദയ വിദ്യാലത്തിലെ വിദ്യാര്‍ത്ഥിയായിരുന്ന ഫയാസ് പൂനെ ആസ്ഥാനമായ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ 129 ാം ബാച്ചിലെ അംഗമായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ലഫ്റ്റനന്റ് ആയി ഇന്ത്യന്‍ സൈന്യത്തില്‍ കമ്മീഷന്‍ ചെയ്തത്.
2 രാജപുത്ന റൈഫിള്‍സിലായിരുന്നു ഫയസിന്റെ ആദ്യ പോസ്റ്റിംഗ്. മാതൃസഹോദരിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായിരുന്നു ലീവിന് അപേക്ഷിച്ചത്. സൈന്യത്തില്‍ ചേര്‍ന്ന ശേഷം ആദ്യമായായിരുന്നു ഫയസ് ലീവ് എടുത്തതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലീവ് കഴിഞ്ഞ് മേയ് 25 ന് ജമ്മുവിലെ അഖ്നൂര്‍ പ്രദേശത്തെ യൂണിറ്റിലേക്ക് മടങ്ങേണ്ടതായിരുന്നു.
പക്ഷെ, ഭീകരര്‍ ഉമര്‍ ഫയാസിനെ തന്ത്രപൂര്‍വം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ശ്രീനഗറില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള കുല്‍ഗാമിലെ ഹര്‍മെയിനിലെ വീട്ടില്‍ നിന്നാണ് ഉമറിനെ ഭീകരര്‍ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് മൂന്ന് കിലോമീറ്റര്‍ അകലെ നിന്നും ഈ യുവസൈനികന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
രാത്രി എട്ടുമണിയോടെയാണ് മുഖംമൂടി ധരിച്ച രണ്ടുപേര്‍ വീട്ടില്‍ പ്രവേശിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആരാണ് ലഫ്റ്റനന്റ് ഫയാസ് എന്ന് ചോദിച്ചു. തുടര്‍ന്ന് നിരായുധനായി അവരെ അനുഗമിക്കാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പോലീസിനെ അറിയിക്കരുതെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറഞ്ഞു.
വളരെ അടുത്ത് നിന്നാണ് ഭീകരര്‍ ഫയാസിന് നേരെ വെടിയുതിര്‍ത്തത്. തല, വയര്‍, നെഞ്ച് എന്നിവിടങ്ങളില്‍ വെടിയേറ്റാണ് ഫയാസ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ടില്‍ പറയുന്ന മൃതദേഹത്തിലെ പാടുകള്‍ ഫയാസ് ചെറുത്ത് നില്‍പ്പ് നടത്തിയതായി വ്യക്തമാക്കുന്നു.
കൊലയാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. കൊലയളികള്‍ക്കായി സൈന്യം തെരച്ചില്‍ നടത്തിവരികയാണ്. കുറ്റവാളികളെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുമെന്ന് സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments