ന്യൂഡല്‍ഹി : വൃത്തിഹീനമായ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടിരുന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഈസ്റ്റ് ഡല്‍ഹിയിലെ മാണ്ഡാവാലി പ്രദേശത്ത് വൃത്തിഹീനമായ ഫ്‌ളാറ്റില്‍ അമ്മ പൂട്ടിയിട്ടിരുന്ന പതിനേഴുകാരിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി അവളെ ആശുപത്രിയിലാക്കിയത്. കുട്ടിയുടെ അച്ഛനും അമ്മയും വിവാഹമോചിതരായ ശേഷം ഇരുവരും തമ്മില്‍ നഷ്ടപരിഹാര തുകയ്ക്കായി നിയമപോരാട്ടം നടക്കുകയാണ്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്. വിവാഹമോചനത്തിന് ശേഷം മക്കളെ കാണാന്‍ തനിക്ക് അനുവാദം ലഭിച്ചിട്ടില്ലെന്ന് പിതാവ് പറയുന്നു.
രണ്ട് മുറികളുള്ള ഫ്‌ളാറ്റില്‍ ഒരു സോഫയില്‍ കിടന്നാണ് കുട്ടി ഉറങ്ങിയിരുന്നത്. രണ്ട് നേരം ഭക്ഷണം ലഭിക്കുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ കൗണ്‍സിലിംഗിന് വിധേയയായ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് ഫ്‌ളാറ്റില്‍ തനിച്ച് താമസിച്ചതെന്നാണ് മൊഴി നല്‍കിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മയാണ് കുട്ടിയെ അവിടെ താമസിപ്പിച്ചിരുന്നതെന്നാണ് അയല്‍ക്കാരുടെ ആരോപണം. മൂത്തമകള്‍ അമ്മയ്‌ക്കൊപ്പം മറ്റൊരു ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയാണ്. പൊലീസ് എത്തിയപ്പോള്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആദ്യം ഫ്‌ളാറ്റ് തുറക്കാന്‍ കുട്ടിയുടെ അമ്മ തയ്യാറായിരുന്നില്ല. അമ്മയ്ക്ക് എതിരെ കുട്ടി ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments