ചെന്നൈ: ഉള്‍പ്പാര്‍ട്ടി കലാപത്തെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടുന്ന തമിഴ്‌നാട്ടിലെ പളനി സ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതിയ അഴിമതി ആരോപണം. മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തമിഴ്‌നാട്ടിലെ ഖനിവ്യവസായി ശേഖര്‍ റെഡ്ഡിയില്‍ നിന്ന് 400 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആദായനികുതി റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
മണല്‍ ഖനനത്തിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും സ്വാധീനിക്കാനാണ് ശേഖര്‍റെഡ്ഡി കൈക്കൂലി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.തമിഴ് നാട് ഖനിവ്യവസായി ശേഖര്‍ റെഡ്ഡി തമിഴ്‌നാട് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൂടി 400 കോടി രൂപ കൈക്കൂലിയായി നല്‍കിയെന്ന് ആദായ നികുതി വകുപ്പ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നേരത്തെ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്നയാളാണ് ശേഖര്‍ റെഡ്ഡി. നോട്ട് നിരോധനത്തിനുശേഷം കഴിഞ്ഞ ഡിസംബറില്‍ ആദായനികുതി വകുപ്പ നടത്തിയ റെയ്ഡില്‍ 142 കോടിരൂപയുടെ കണക്കില്‍ പെടാത്ത പണം കണ്ടെടുത്തിരുന്നു. ഇതില്‍ 34 കോടി രൂപയുടെ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളും ഉണ്ടായിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുക്കുകയും റെഡ്ഡിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 87 ദിവസം ഇയാല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാളെ മൂന്ന് ദിവസത്തിനകം വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി പി രാമ മോഹനറാവുവിന്റെ മകനുമായി ശേഖര്‍ റെഡ്ഡിക്ക് ബിസിനസ് ബന്ധങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. രാമമോഹനറാവുവിന്റെ സ്ഥാന ചലനത്തിലേക്ക് നയിച്ചതും ഇതായിരുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയക്കാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും റെഡ്ഡിക്ക് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് റെഡ്ഡിയുടെ 33.74 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിമാര്‍ക്കും ഉന്നതഉദ്യോഗസ്ഥര്‍ക്കുമെതിരായ റിപ്പോര്‍ട്ട് ആദായനികുതി വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.
ശശികലയുടെ ജയില്‍വാസം, ടി.ടി.വി ദിനകരനുമായി ബന്ധപ്പെട്ട കോഴ വിവാദം, ശശികലയെയും ബന്ധുക്കളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍, ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ മോഷണവും കൊലപാതകവും, ഇതിന്റെ പിന്നിലുള്ള വന്‍ഗൂഢാലോചന തുടങ്ങി വിവിധ വിഷയങ്ങള്‍ ഉയരുന്നതിനിടെയാണ് മന്ത്രിമാര്‍ക്കെതിരേയുള്ള കോഴ ആരോപണവും തമിഴ്‌നാട്ടില്‍ ഉണ്ടായിരിക്കുന്നത്.
Post Your Comments