Latest NewsNewsIndia

തട്ടിപ്പില്‍ മല്യക്ക് ഒരു പിന്‍ഗാമി; കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് തലവേദനയായ കുറ്റവാളി മുങ്ങിയത് 6800 കോടിയുമായി

മുംബൈ: കോടിക്കണക്കിന് രൂപ വായ്പയെടുത്തശേഷം വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യക്ക് പിന്‍ഗാമിയായി മറ്റൊരു ബിസിനസുകാരനും.

വിവിധ ബാങ്കളില്‍ നിന്ന് 6800 കോടി രൂപ വായ്പയെടുത്തശേഷം വിദേശത്തേക്ക് മുങ്ങിയ വിന്‍സം ഗ്രൂപ്പ് തലവന്‍ ജതിന്‍ മേത്തയ്ക്കായി ഒരു വര്‍ഷമായി അന്വേഷണം നടത്തുകയാണ് ഇന്ത്യയിലെ വിവിധ അന്വേഷണ ഏജന്‍സികള്‍. ദുബായില്‍ നിന്ന് മുങ്ങിയ ജതിന്‍ മേത്തയെക്കുറിച്ച് ഇതുവരെ കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

ഗുജറാത്ത് ആസ്ഥാനമായി വജ്രകമ്പനി നടത്തുകയായിരുന്നു ജതിന്‍ മേത്ത. ഇന്ത്യയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും കയറ്റി അയക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന സ്ഥാപനമായിരുന്നു വിന്‍സം ഡയമണ്ട്സ് ആന്റ് ജ്വല്ലറി. വായ്പയെടുക്കുന്നതിനായി വിന്‍സം ഈടു നല്‍കിയ വസ്തുവകകള്‍ വായ്പാതുക ഈടാക്കാന്‍ മതിയാകില്ലന്നതാണ് വസ്തുത. ഈ തട്ടിപ്പില്‍ ചില ബാങ്ക് ഉന്നതര്‍ക്കും പങ്കുള്ളതായി സൂചനയുണ്ട്.

സ്വര്‍ണം ഇറക്കുമതി ചെയ്ത് ആഭരണമാക്കി കയറ്റുമതി ചെയ്യുന്ന ബിസിനസാണ് വിന്‍സം ഗ്രൂപ്പ് പ്രധാനമായും ചെയ്തിരുന്നത്. ദുബായിലെ 13 കച്ചവടക്കാര്‍ തങ്ങള്‍ക്ക് നല്‍കാനുള്ള പണം നല്‍കിയില്ലെന്നതാണ് തിരിച്ചടവ് മുടക്കിയതിന് കമ്പനി നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് വിശ്വസിക്കാത്ത ബാങ്കുകള്‍ സിബിഐയെ സമീപിക്കുകയായിരുന്നു. ഏറ്റവുമധികം പണം കടം നല്‍കിയ പഞ്ചാബ് നാഷണല്‍ ബാങ്കാണ് ആദ്യം കേസുമായി മുന്നോട്ട് പോയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും (ഇഡി) കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.

9000 കോടിരൂപ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ കണ്ടുപിടിക്കാനും നിയമ നടപടി സ്വീകരിക്കാനും കഴിഞ്ഞെങ്കിലും ജതിന്‍ മേത്തയുടെ കാര്യത്തില്‍ അത്രപോലും അന്വേഷണ പുരോഗതി ആയിട്ടില്ല. ജതിന്‍ മേത്ത എവിടെയെന്ന് പോലും കണ്ടുപിടിക്കാന്‍ പോലും ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഭാര്യ സോണിയക്കൊപ്പം ദുബായില്‍ നിന്നും അപ്രത്യക്ഷനായ ഇയാള്‍ ഇപ്പോള്‍ കരീബിയന്‍ ദ്വീപ സമൂഹമായ സെന്റ് ക്വിറ്റസിലുണ്ടെന്നാണ് സൂചന. ഇന്ത്യയുമായു കുറ്റവാളികളെ കൈമാറാന്‍ കരാറിലേര്‍പ്പെടാത്ത രാജ്യമാണിത്. അതിനാല്‍ തന്നെ മേത്ത ഇവിടെയുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടാലും നടപടിയെടുക്കുക ഏറെ ദുഷ്‌കരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button