ലക്നൗ: അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവം സി.ബി.ഐ അന്വേഷിക്കും. കേസ് അന്വേഷണം യുപി പൊലീസില്‍ നിന്നും സിബിഐ ഏറ്റെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐയുടെ ആറംഗ സംഘം പ്രയാഗ്രാജിലെത്തി. കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന യുപി സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് പിന്നാലെ കേസിന്റെ അന്വേഷണ പുരോഗതി ആവശ്യപ്പെട്ട് സിബിഐ പൊലീസിനെ സമീപിച്ചിരുന്നു.
നരേന്ദ്രഗിരിയുടേത് തൂങ്ങിമരണമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതോടെയാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായത്. കേസില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി മഹന്ത് നരേന്ദ്രഗിരിയുടെ ശിഷ്യനായ അനന്ദ് ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആനന്ദ് ഗിരി നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതില്‍ ആനന്ദ് ഗിരിയുടേത് ഉള്‍പ്പെടെ മൂന്ന് പേരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയുടേയും തന്റെയും ചിത്രങ്ങള്‍ ഉപയോഗിച്ച് ആനന്ദ് ഗിരി അപകീര്‍ത്തിപ്പെടുത്തുമെന്ന് വിവരം ലഭിച്ചതായും മാനസിക സംഘര്‍ഷത്താല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മഹന്ത് നരേന്ദ്രഗിരി തന്റെ കുറിപ്പില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ അദ്ദേഹം താമസിച്ചിരുന്ന ബഗാംബരി മഠത്തിലായിരുന്നു നരേന്ദ്ര ഗിരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments