പൂനെ: ഇരുചക്ര വാഹന വിപണയില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം. സ്ഥിരമായി ഒന്നാംസ്ഥാനത്ത് തുടരുകയായിരുന്ന ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ലോകത്ത് ഏറ്റവും അധികം ഇരുചക്രവാഹനങ്ങള്‍ വിറ്റുപോകുന്ന വിപണിയായത്.
കഴിഞ്ഞസാമ്പത്തിക വര്‍ഷം (2016-17) ഇന്ത്യയില്‍ 170 ലക്ഷം (ഒരു കോടി എഴുപത് ലക്ഷം) ഇരുചക്രവാഹനങ്ങളാണ് വിറ്റത്. ചൈനയില്‍ ഇക്കാലയളവില്‍ 168 ലക്ഷം ഇരുചക്രങ്ങളാണ് വിറ്റുപോയത്. ഇന്ത്യന്‍ വാഹനനിര്‍മാതാക്കളുടെ സംഘടനയായ സിയാം(സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്) പുറത്തുവിട്ട കണക്കുകളാണ് ഇന്ത്യ മുന്നിലെത്തിയ കാര്യം വെളിവാക്കിയത്.
ഇന്ത്യക്കും ചൈനയ്ക്കും പിന്നില്‍ മറ്റൊരു ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യ മൂന്നാംസ്ഥാനത്തെത്തി. ഇന്ത്യക്കും ചൈനയ്ക്കും പിന്നിലുണ്ടെങ്കിലും ഈ രണ്ടു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്തോനേഷ്യയില്‍ കഴിഞ്ഞവര്‍ഷം വിറ്റ ഇരുചക്രവാഹനങ്ങളുടെ എണ്ണം കുറവാണ്. 60 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഇന്തോനേഷ്യക്കാര്‍ കഴിഞ്ഞവര്‍ഷം വാങ്ങിയത്.
ഒരു ദിവസം ഇന്ത്യയില്‍ വിവിധ കമ്പനികളുടേതായി 48000 ഇരുചക്രവാഹനങ്ങള്‍ പുതുതായി നിരത്തിലിറങ്ങുന്നു. വിറ്റഴിക്കപ്പെടുന്നവയില്‍ കൂടുതലും ബൈക്കുകളാണ്. ഇന്ത്യയില്‍ 170 ലക്ഷം ഇരുചക്രവാഹനങ്ങള്‍ ആകെ വിറ്റതില്‍ 120 ലക്ഷവും ബൈക്കുകളാണ്. 50 ലക്ഷം വിവിധ വിഭാഗത്തില്‍പ്പെടുന്ന സ്‌കൂട്ടറുകളും.
ചെറിയ കാറുകളുടെ വിലകുറഞ്ഞത് മൂലം അത്തരം കാറുകളിലേക്ക് സാധാരണക്കാര്‍ നീങ്ങാന്‍ തുടങ്ങിയതും പല നഗരങ്ങളും ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന നിരോധിച്ചതുമാണ് ചൈനയ്ക്ക് തിരിച്ചടിയായത്. ഇതോടൊപ്പം ആഭ്യന്തര വിപണയില്‍ ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതും ചൈനയുടെ ഇരുചക്രവിപണിയെ ബാധിച്ചു.
Post Your Comments