ദുബായി: തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പാക്കിസ്ഥാന് സ്വദേശിയായ യുവാവിനെ യുഎഇ കോടതി കുറ്റവിമുക്തനാക്കി. തന്നെ ബലംപ്രയോഗിച്ച് പ്രകൃതിവിരുദ്ധബന്ധത്തിന് വിധേയനാക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയം പ്രതിരോധിക്കാനും അഭിമാനം സംരക്ഷിക്കാനും ശ്രമിച്ചതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പാക്കിസ്ഥാന് സ്വദേശിയായ ഇരുപതുകാരന് സംഭവത്തില്‍ നിരപരാധിയാണെന്ന് വിധിച്ചുകൊണ്ടാണ് ദുബായി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ബിന്‍ സുവൈദാന്‍ അഡ്വക്കേറ്റ്സിലെ റാഷിദ് ബിന്‍ സുവൈദാനാണ് പ്രതിക്കുവേണ്ടി വാദിച്ച് സുപ്രധാന വിധി സമ്പാദിച്ചത്.
കഴിഞ്ഞവര്‍ഷം മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ മുന്‍ സ്പോണ്‍സറുടെ ജോലി വിട്ട് പുതിയ ജോലി അന്വേഷിച്ചു നടക്കുകയായിരുന്ന പാക് യുവാവിനെ പ്രദേശിവാസിയായ ആള് തനിക്കൊപ്പം ചുമട്ട് ജോലി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
മൂന്നുദിവസങ്ങള്‍ മാത്രമേ യുവാവ് ഇയാള്‍ക്കൊപ്പം ജോലി ചെയ്തുള്ളൂ. ഇതിനിടെയായിരുന്നു കൊലപാതകം നടന്നത്. ജോലി തുടങ്ങിയ സമയംമുതല്‍ തന്റെ ലൈംഗിക താല്പര്യം കൊല്ലപ്പെട്ടയാള്‍ യുവാവിനോട് പ്രകടിപ്പിക്കുകയും പ്രകൃതിവിരുദ്ധ ബന്ധത്തിന് പലതവണ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു പാക് യുവാവ്.
എന്നാല്‍ സംഭവദിവസം അര്‍ദ്ധരാത്രിയില്‍ കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പാക് യുവാവിനെ സൗദി സ്വദേശി വസ്ത്രങ്ങള്‍ വലിച്ചുകീറി ബലംപ്രയോഗിച്ച് ലൈംഗികബന്ധത്തിന് ശ്രമിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കാറിലുണ്ടായിരുന്ന ചെറിയ കത്തിയുപയോഗിച്ച് പ്രതി കൊല്ലപ്പെട്ടയാളെ കുത്തുകയായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. കഴുത്തില്‍ കുത്തുകൊണ്ടയാള്‍ ഏറെ വൈകാതെ സംഭവസ്ഥലത്ത്തന്നെ മരിക്കുകയായിരുന്നു. പിന്നീട് സംഭവം നടന്ന കാറില്‍ അബുദാബിയിലേക്ക് യുവാവ് രക്ഷപെടുകയായിരുന്നു.
എന്നാല്‍ സ്വദേശിയെ കുത്തിക്കൊലപ്പെടുത്തി കാറും മൊബൈലുമായി കടക്കാനായിരുന്നു പാക് യുവാവിന്റെ ശ്രമമെന്നായിരുന്നു പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. എന്നാല്‍ യുവാവ് കാര്‍ മോഷ്ടിച്ചില്ലെന്നതും മൊബൈല്‍ എടുത്തിട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, കുത്തറ്റ് മരിച്ചയാളുടെ മൃതദേഹ പരിശോധനയില്‍ പ്രകൃതിവിരുദ്ധലൈംഗിക ബന്ധം നടത്തുന്നയാളാണെന്ന് ഫോറന്‍സിക് സംഘം അറിയിക്കുകയും ചെയ്തിരുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് പാക് യുവാവിനെ കോടതി കുറ്റവിമുക്തനാക്കിയത്.
കോടതി വിധിക്കെതിരെ പ്രോസിക്യൂഷന് പത്തുദിവസത്തിനകം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണ്.
Post Your Comments