മൊഗാദിശു : ഇസ്ലാമിക തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് മന്ത്രിയെ സുരക്ഷാ സേന വെടിവച്ചു കൊന്നു. സോമാലിയയിലെ രാജ്യതലസ്ഥാനമായ മെഗാദിശുവിലാണ് സംഭവം. നഗരത്തിലുള്ള പ്രസിഡന്റിന്റെ വസതിയില്‍ സന്ദര്‍ശനത്തിനെത്തിയ സോമാലിയന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അബ്ബാസ് അബ്ദുള്ളാഹി ശൈഖ് സിറാജിനെയാണ് വെടിവച്ച് കൊന്നത്. അല്‍ ശബാബ് തീവ്രവാദികള്‍ ആധിപത്യം തുടരുന്ന സോമാലിയയില്‍ ആക്രമണങ്ങള്‍ നേരിടാന്‍ സൈന്യം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് മുമ്പും തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് നേരെ സുരക്ഷാ സൈനികര്‍ വെടിയുതിര്‍ത്തിട്ടുണ്ട്.
ബുള്ളറ്റ് പ്രൂഫ് കാറിലെത്തിയ മന്ത്രിയെ സോമാലിയന്‍ ഓഡിറ്റര്‍ ജനറലിന്റെ സുരക്ഷാ ചുമതലയുള്ള ജീവനക്കാര്‍ തീവ്രവാദികളുടെ വാഹനമെന്ന് തെറ്റിദ്ധരിച്ച് വെടിവയ്ക്കുകയായിരുന്നു. കാറിനു നേരെ സുരക്ഷാ ജീവനക്കാര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മന്ത്രിയുടെ അംഗരക്ഷകര്‍ തിരികെ വെടിയുതിര്‍ത്തു. ഇതിനിടയിലാണ് മന്ത്രിക്ക് വെടിയേറ്റത്. അംഗരക്ഷകരില്‍ പലര്‍ക്കും ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ അബ്ബാസിനോടൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരു മന്ത്രി പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. സോമാലിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ ജനിച്ചു വളര്‍ന്ന അബ്ബാസ് സോമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായിരുന്നു. സോമാലിയയിലെ ഭാവി വാഗ്ദ്ധാനമെന്ന് വാഴ്ത്തപ്പെട്ടിരുന്ന അബ്ബാസ് ഫെബ്രുവരിയിലെ അപ്രതീക്ഷിക ജയത്തോടെയാണ് മന്ത്രി പദത്തിലേക്കെത്തുന്നത്.
Post Your Comments